വെങ്കല മെഡലിനായി വമ്പന്മാരുടെ പോരാട്ടം; മൂന്നാം സ്ഥാനത്തിനായി ഫ്രാൻസും ഇംഗ്ലണ്ടും ഇന്ന് നേർക്കുനേർ
ഷീബ വിജയൻ
മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ലോകകപ്പിൽ സെമിഫൈനലിൽ പരാജയപ്പെട്ട ഫ്രാൻസും ഇംഗ്ലണ്ടും വെങ്കല മെഡലിനായുള്ള മൂന്നാം സ്ഥാനക്കാരുടെ പോരാട്ടത്തിന് ഇറങ്ങുകയാണ്. ലോകകപ്പ് ഫൈനലിൽ കളിക്കുക എന്ന മോഹത്തോടെയെത്തി സെമിയിൽ അടിയറവ് പറയേണ്ടി വന്നതിനാൽ വലിയ താൽപര്യത്തോടെയല്ലെങ്കിലും ഇരു ടീമുകളും ഈ മത്സരത്തിനായി മുഖാമുഖം വരുന്നു. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 2.30നാണ് കളി നടക്കുന്നത്. തങ്ങളുടെ ലക്ഷ്യം ഫൈനലായിരുന്നതിനാൽ ഇരു ടീമുകളിലെയും കളിക്കാർ ഈ മത്സരം അത്രയൊന്നും ആഗ്രഹിക്കുന്നില്ലെന്നും വെറുമൊരു ചടങ്ങായാണ് ഇതിനെ കാണുന്നതെന്നും ഇംഗ്ലീഷ് കോച്ച് തോമസ് ടുഷേൽ തുറന്നുപറഞ്ഞു. ഫ്രഞ്ച് കോച്ചായി 14 വർഷമായി ടീമിനൊപ്പമുള്ള മുൻ നായകൻ ദിദിയർ ദെഷാംപ്സിന്റെ അവസാന മത്സരമാണിത്. 1998ൽ ക്യാപ്റ്റനായും 2018ൽ കോച്ചായും ഫ്രാൻസിന് കിരീടം നേടിക്കൊടുത്ത ദെഷാംപ്സിന് അർഹിക്കുന്ന വിടചൊല്ലൽ നൽകാൻ ഫ്രാൻസിന് ഇന്ന് ജയം അനിവാര്യമാണ്. തന്റെ 26-ാം ലോകകപ്പ് മത്സരത്തിൽ ടീമിന് തന്ത്രമോതിയാണ് അദ്ദേഹം വിടപറയുന്നത്.
ഈ മത്സരത്തിൽ ഇരുകോച്ചുകളും ബെഞ്ചിലിരിക്കുന്ന താരങ്ങൾക്ക് ആദ്യ ഇലവനിൽ അവസരം നൽകാൻ സാധ്യതയുണ്ട്. എട്ട് ഗോളുകളുമായി ലയണൽ മെസ്സിക്കൊപ്പം ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മുന്നിലുള്ള ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെക്ക് ഈ മത്സരം വ്യക്തിപരമായി നിർണായകമായതിനാൽ അദ്ദേഹം ആദ്യ ഇലവനിലുണ്ടാകും. നിലവിൽ എട്ട് ഗോളും നാല് അസിസ്റ്റുമുള്ള മെസ്സിയാണ് മുന്നിൽ നിൽക്കുന്നത്. ആറ് ഗോൾ വീതം നേടിയ ഇംഗ്ലണ്ട് നായകൻ ഹാരി കെയ്നും സഹതാരം ജൂഡ് ബെല്ലിങ്ഹാമും തൊട്ടുപിന്നാലെയുണ്ട്. ചരിത്രത്തിൽ വെങ്കല മെഡൽ മത്സരത്തിലെ ഗോളിന്റെ ബലത്തിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ യുസേബിയോ, ടോട്ടോ ഷില്ലാച്ചി, ഡവോർ സുകൂർ, തോമസ് മ്യുളർ എന്നിവരുടെ ചരിത്രം എംബാപ്പെയ്ക്ക് മുന്നിലുണ്ട്. മിഡ്ഫീൽഡിൽ അഞ്ച് അസിസ്റ്റുകളുമായി മുന്നിലുള്ള ഫ്രാൻസിന്റെ മൈക്കൽ ഒലിസെക്ക് ഒരു ഗോൾ സഹായം കൂടി നൽകാനായാൽ ആറ് അസിസ്റ്റെന്ന പെലെയുടെ റെക്കോർഡിനൊപ്പമെത്താം. ഫ്രാൻസ് ഇതിനുമുമ്പ് 1958ലും 82ലും മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്. എന്നാൽ 1990ലും 2018ലും മൂന്നാം സ്ഥാനത്തിനായുള്ള മത്സരങ്ങളിൽ പരാജയപ്പെട്ട ചരിത്രമാണ് ഇംഗ്ലണ്ടിന്റേത്. കഴിഞ്ഞ ദിവസം സെമിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് ഇംഗ്ലണ്ട് 1-2ന് പരാജയപ്പെട്ടത്. പരിക്കേറ്റ ഫ്രഞ്ച് സെന്റർബാക്ക് വില്യം സാലിബ ഇന്ന് കളിക്കാൻ സാധ്യതയില്ല.
xzadsadsads

