ഭരണമാറ്റ ശ്രമങ്ങൾ വലിയ വിഡ്ഢിത്തം; യുഎസ് യാഥാസ്ഥിതിക നിലപാടുകളെ വിമർശിച്ച് ജെ.ഡി വാൻസ്
ഷീബ വിജയൻ
വാഷിങ്ടൺ: ഇറാനെ ബോംബിട്ട് ഇല്ലാതാക്കാം എന്ന് കരുതുന്ന അമേരിക്കൻ യാഥാസ്ഥിതികരുടെ നിലപാടുകൾക്കെതിരെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് രംഗത്ത്. പ്രശസ്ത പോഡ്‌കാസ്റ്ററായ ജോ റോഗന് നൽകിയ അഭിമുഖത്തിലാണ് വാൻസ് ഈ രൂക്ഷവിമർശനം ഉന്നയിച്ചത്. ഇത്തരം ഭരണമാറ്റ ശ്രമങ്ങൾ വലിയ സൈനിക വിന്യാസം ആവശ്യപ്പെടുന്നതാണെന്നും മുൻകാലങ്ങളിൽ അമേരിക്കക്ക് ഇത്തരം ഇടപെടലുകളിൽ നിന്ന് മോശം അനുഭവങ്ങളാണുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രംപിന്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ഇറാനെതിരെ യുദ്ധം തുടങ്ങാൻ ഇത്രത്തോളം താൽപര്യം കാണിക്കില്ലായിരുന്നെന്ന് വ്യക്തമാക്കിയ വാൻസ്, എങ്കിലും പ്രസിഡന്റിന്റെ തീരുമാനങ്ങളെ പിന്തുണക്കുകയാണ് തന്റെ ജോലിയെന്നും കൂട്ടിച്ചേർത്തു.
അമേരിക്കൻ മാധ്യമങ്ങളിൽ വലിയ ചർച്ചയായത് കുപ്രസിദ്ധ കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ രേഖകൾ കൈകാര്യം ചെയ്യുന്നതിൽ ഭരണകൂടത്തിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന വാൻസിന്റെ വെളിപ്പെടുത്തലാണ്. ഇതിൽ ട്രംപിന് പങ്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എപ്സ്റ്റീന് ഇസ്രായേൽ ചാരസംഘടനയായ മൊസാദുമായി ബന്ധമുണ്ടെന്ന സ്ഥിരീകരിക്കാത്ത ആരോപണവും ഉന്നയിച്ചു. അമേരിക്കൻ, ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗങ്ങളിലെ ഉന്നതരുമായി എപ്സ്റ്റീന് വ്യക്തമായ ബന്ധമുണ്ടായിരുന്നുവെന്നും റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളിലെ നിരവധി നേതാക്കളുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ഇസ്രായേൽ ഫണ്ട് ഉപയോഗിച്ച് നടക്കുന്ന രഹസ്യ പ്രചാരണങ്ങളെയും അദ്ദേഹം വിമർശിച്ചു. 'ടൈം' മാഗസിൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടി, ഓൺലൈനിലെ യഹൂദ വിരുദ്ധത ചെറുക്കുക എന്ന പേരിൽ അമേരിക്കയിലെ യുവ യാഥാസ്ഥിതിക വിഭാഗങ്ങൾക്കിടയിൽ ഇസ്രായേൽ അനുകൂല സ്വാധീന പ്രചാരണം നടക്കുന്നുണ്ടെന്നും വാൻസ് ആരോപിച്ചു. ഇറാനുമായി ചർച്ച പാടില്ലെന്നും സൈനിക നടപടി തുടരണമെന്നുമാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും തന്നെ നിരന്തരം ആക്രമിക്കുകയാണെന്നും വാൻസ് അഭിമുഖത്തിൽ തുറന്നടിച്ചു.
dfsdfsdfsdfs

