109 കിലോമീറ്റർ നീളത്തിൽ ബഹ്‌റൈനിൽ ഡ്രൈവറില്ലാ ഇലക്ട്രിക് മെട്രോ വരുന്നു; ഒന്നാം ഘട്ടത്തിൽ 20 സ്റ്റേഷനുകൾ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ ഗതാഗത മേഖലയിൽ വൻ വിപ്ലവത്തിനൊരുങ്ങി രാജ്യം. പൂർണ്ണമായും ഓട്ടോമേറ്റഡ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന 109 കിലോമീറ്റർ നീളമുള്ള ഡ്രൈവറില്ലാ ഇലക്ട്രിക് മെട്രോ റെയിൽ പദ്ധതിക്ക് ബഹ്‌റൈൻ തുടക്കം കുറിക്കുന്നു. രാജ്യത്തുടനീളം ഉയരത്തിലുള്ള കോൺക്രീറ്റ് പാലങ്ങളിലൂടെയാണ് മെട്രോ സർവീസ് നടത്തുകയെന്ന് ലാൻഡ് ട്രാൻസ്‌പോർട്ട് അണ്ടർസെക്രട്ടറി ഫാത്തിമ അൽ ദായെൻ സ്ഥിരീകരിച്ചു. ബഹ്‌റൈന്റെ ഗതാഗത ചരിത്രത്തിലെ ഏറ്റവും നിർണ്ണായകവും വലിയതുമായ പദ്ധതികളിലൊന്നാണിത്.

പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഏകദേശം 29 കിലോമീറ്റർ ദൂരത്തിലാണ് സർവീസ് ആരംഭിക്കുക. ഇതിനായി 20 സ്റ്റേഷനുകൾ സജ്ജീകരിക്കും. ആദ്യ ഘട്ടത്തിൽ രണ്ട് പ്രധാന പാതകളായാണ് മെട്രോ സർവീസ് നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ ഒന്നാമത്തെ പാത ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തെയും പ്രമുഖ വാണിജ്യ കേന്ദ്രമായ സീഫ് ഡിസ്ട്രിക്റ്റിനെയും തമ്മിൽ ബന്ധിപ്പിക്കുമ്പോൾ, രണ്ടാമത്തെ പാത ജുഫൈറിനെ ഈസ ടൗണുമായി ബന്ധിപ്പിക്കും. വിവിധ സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ച് നടത്തിയ വിശദമായ പഠനങ്ങൾക്ക് ശേഷമാണ് മെട്രോ റൂട്ടുകൾ തിരഞ്ഞെടുത്തത്. രാജ്യത്തെ ജനസാന്ദ്രതയും വാണിജ്യ പ്രവർത്തനങ്ങളുടെ സാധ്യതകളും വിലയിരുത്തിയാണ് ഈ റൂട്ടുകൾക്ക് അന്തിമരൂപം നൽകിയത്.

ബഹ്‌റൈന്റെ സാമ്പത്തിക ദർശന രേഖയായ 'ഇക്കണോമിക് വിഷൻ 2030'-നും, അതോടൊപ്പം 2060-ഓടെ രാജ്യം ലക്ഷ്യമിടുന്ന കാർബൺ രഹിത പദവിക്കും വലിയ പിന്തുണ നൽകുന്നതാണ് ഈ മെട്രോ പദ്ധതി. നിലവിൽ ബഹ്‌റൈനിലെ മൊത്തം കാർബൺ പുറന്തള്ളലിന്റെ ഒൻപത് ശതമാനവും വരുന്നത് ഗതാഗത മേഖലയിൽ നിന്നാണ്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മലിനീകരണമുണ്ടാക്കുന്ന മൂന്നാമത്തെ മേഖലയും ഇതാണ്. പൂർണ്ണമായും വൈദ്യുതിയിൽ ഓടുന്ന ഡ്രൈവറില്ലാ മെട്രോ വരുന്നതോടെ കാർബൺ പുറന്തള്ളൽ വലിയ തോതിൽ കുറയ്ക്കാൻ സാധിക്കും.

ഇതോടൊപ്പം, സുസ്ഥിരവും ആരോഗ്യകരവുമായ യാത്രാ ശീലങ്ങളിലേക്ക് ജനങ്ങളെ ആകർഷിക്കുന്നതിന്റെ ഭാഗമായി മന്ത്രാലയം തുടർച്ചയായ രണ്ടാം വർഷവും ലോക സൈക്കിൾ ദിനം വിപുലമായി ആചരിച്ചു. പൊതുഗതാഗത സംവിധാനങ്ങളിലേക്കും പരിസ്ഥിതി സൗഹൃദ മാർഗ്ഗങ്ങളിലേക്കും മാറാൻ ബഹ്‌റൈൻ നിവാസികളെ പ്രേരിപ്പിക്കുന്നതാണ് മന്ത്രാലയത്തിന്റെ ഈ പുതിയ നീക്കങ്ങൾ.

 

article-image

dsdfsdssd

You might also like

  • Lulu Exchange
  • Straight Forward

Most Viewed