ഗ്രീൻ കാർഡ് അപേക്ഷകർക്ക് തിരിച്ചടി; 'പബ്ലിക് ചാർജ്' നിയമം വീണ്ടും നടപ്പാക്കാൻ ട്രംപ് ഭരണകൂടം


ശാരിക

വാഷിങ്ടൺ: അമേരിക്കയിൽ ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന വിദേശികൾക്ക് കനത്ത തിരിച്ചടിയായി ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. ഭാവിയിൽ സർക്കാർ സഹായത്തെ ആശ്രയിക്കാൻ സാധ്യതയുണ്ടെന്ന് കരുതുന്ന അപേക്ഷകർക്ക് ഗ്രീൻ കാർഡ് നിഷേധിക്കാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് അനുവാദം നൽകുന്ന വിവാദമായ 'പബ്ലിക് ചാർജ്' നിയമം വീണ്ടും നടപ്പിലാക്കാൻ ഒരുങ്ങുകയാണ് യു.എസ്. വിദേശികൾക്ക് സ്ഥിരതാമസാനുമതി നൽകുന്ന ഗ്രീൻ കാർഡ് അനുവദിക്കുന്നതിന് മുൻപ്, ഇവർ ഭാവിയിൽ സർക്കാർ ആനുകൂല്യങ്ങളെ അമിതമായി ആശ്രയിക്കുമോ എന്ന് പരിശോധിക്കുന്ന രീതിയാണിത്. അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ജൂലൈ 20-ന് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്ന ഈ നിയമം സെപ്റ്റംബർ 18 മുതൽ പ്രാബല്യത്തിൽ വരും.

അമേരിക്കയിൽ സ്ഥിരതാമസത്തിനായി അപേക്ഷിക്കുന്നവർ തങ്ങൾ രാജ്യത്തിന് സാമ്പത്തിക ബാധ്യതയാകില്ലെന്ന് തെളിയിക്കണമെന്നതാണ് ഈ നിയമത്തിലെ പ്രധാന വ്യവസ്ഥ. നിലവിലുള്ള ഫെഡറൽ നിയമങ്ങൾ പ്രകാരം അപേക്ഷകർ സാമ്പത്തിക ഭദ്രത തെളിയിക്കണമെന്നത് നിർബന്ധമാണെങ്കിലും, പുതിയ നിയമത്തിലൂടെ അയോഗ്യത കൽപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ട്രംപ് ഭരണകൂടം കൂടുതൽ വിപുലമാക്കിയിട്ടുണ്ട്.

മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പ്, ഹൗസിംഗ് വൗച്ചറുകൾ തുടങ്ങിയ നിർദ്ദിഷ്ട ആനുകൂല്യങ്ങളെക്കുറിച്ച് പുതിയ നിയമത്തിൽ പ്രത്യേകം പരാമർശിക്കുന്നില്ല. പകരം, ഓരോ അപേക്ഷകന്റെയും സാഹചര്യങ്ങൾ വ്യക്തിപരമായി പരിശോധിച്ച് തീരുമാനമെടുക്കാനുള്ള വിവേചനാധികാരം ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുകയാണ്. അപേക്ഷകർ ഭാവിയിൽ സർക്കാർ സഹായം തേടാൻ സാധ്യതയുണ്ടോ എന്ന് ഉദ്യോഗസ്ഥർക്ക് സ്വന്തം നിലയിൽ തീരുമാനിക്കാം. അമേരിക്കൻ പൗരന്മാരുടെ നികുതിപ്പണം ഉപയോഗിച്ചുള്ള ഇത്തരം ആശ്രിതത്വം അവസാനിപ്പിക്കാനും, കുടിയേറ്റക്കാർ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാണെന്ന തത്വം പുനഃസ്ഥാപിക്കാനുമാണ് ഈ നടപടിയെന്ന് യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് വ്യക്തമാക്കുന്നു.

അമേരിക്കയിൽ തൊഴിലധിഷ്ഠിത ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നവരിൽ വലിയൊരു പങ്ക് ഇന്ത്യക്കാരാണ്. അതിനാൽ വിസ നടപടികളിൽ ഇതിനകം തന്നെ താമസം നേരിടുന്ന ആയിരക്കണക്കിന് ഇന്ത്യൻ വംശജർക്ക് ഈ പുതിയ നടപടി വലിയ വെല്ലുവിളിയാകും. അപേക്ഷകരുടെ സാമ്പത്തിക സാഹചര്യവും അവർ ഉൾപ്പെടുന്ന വിഭാഗവും അനുസരിച്ചായിരിക്കും ഇതിന്റെ ആഘാതം അനുഭവപ്പെടുക. കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നടപടികളുടെ ഭാഗമായുള്ള ഈ തീരുമാനത്തിനെതിരെ കുടിയേറ്റ അവകാശ പ്രവർത്തകർക്കിടയിൽ നിന്ന് കനത്ത വിമർശനമാണ് ഉയരുന്നത്.

article-image

sadfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed