അൽപ്പ നേരത്തേക്ക് അമേരിക്കൻ പ്രസിഡണ്ട് പദവി ഏറ്റെടുത്ത് കമല ഹാരിസ്


വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡൻഷ്യൽ അധികാരം ലഭിക്കുന്ന ആദ്യ വനിതായി ഇന്ത്യൻ വംശജ കമല ഹാരീസ്. പ്രസിഡന്‍റ് ജോ ബൈഡൻ പതിവ് ആരോഗ്യ പരിശോധനയ്ക്ക് വിധേയനായപ്പോഴാണ് വൈസ് പ്രസിഡന്‍റായ കമല ഹാരീസിന് അൽപനേരത്തേക്ക് അധികാരം കൈമാറിയത്. 85 മിനിറ്റോളം യുഎസ് കമലയുടെ നിയന്ത്രണത്തിലായിരുന്നു.  വെള്ളിയാഴ്ച പതിവ് കൊളോനോസ്കോപ്പിക്കായി ബൈഡനെ അനസ്തേഷ്യയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതോടെയാണ് കമല അൽപനേരത്തേക്ക് അധികാരം കൈയാളിയത്. വൈറ്റ് ഹൗസിലെ വെസ്റ്റ് വിംഗിലുള്ള ഓഫീസിൽ നിന്നാണ് ഹാരിസ് തന്‍റെ ചുമതലകൾ നിർവഹിച്ചതെന്ന് അധികൃതർ അറിയിച്ചു. 

79ആം ജന്മദിനത്തിന്‍റെ തലേന്നായിരുന്നു ബൈഡൻ‌ കൊളോനോസ്കോപ്പി പരിശോധനയ്ക്ക് വിധേയനായത്. ബൈഡൻ ആരോഗ്യവാനാണെന്നും തന്‍റെ ചുമതലകൾ നിർവഹിക്കാൻ അദ്ദേഹത്തിന്‍റെ കഴിയുമെന്നും ഓപ്പറേഷന് ശേഷം ബൈഡന്‍റെ ഡോക്ടർ പ്രസ്താവനയിൽ അറിയിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യത്തിൽ ആശങ്കയില്ലെന്ന് ബൈഡന്‍റെ ഫിസീഷ്യനും പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ താത്ക്കാലിക അധികാര കൈമാറ്റം അഭൂതപൂർവമായ ഒന്നല്ലെന്നും യുഎസ് ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന പ്രക്രിയയുടെ ഭാഗമാണിതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പറഞ്ഞു. ജോർ‍ജ്. ഡബ്ല്യു. ബുഷ് പ്രസിഡന്‍റായിരിക്കെ 2002ലും 2007ലും സമാനമായ അധികാര കൈമാറ്റം നടന്നിരുന്നു. 

അമേരിക്കൻ ചരിത്രത്തിൽ‍ ആദ്യമായിട്ടാണ് ഒരു വനിത സായുധ സേനകളുടെയും അണ്വായുധങ്ങളുടെയും നിയന്ത്രണാധികാരത്തിലെത്തുന്നത്. യുഎസ് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ് തമിഴ്നാട്ടിൽ കുടുംബവേരുകളുള്ള കമല ഹാരിസ്. ഇന്ത്യൻ വംശജരിൽ നിന്ന് ഒരാൾ യുഎസ് വൈസ് പ്രസിഡന്‍റായതും ആദ്യമായിട്ടാണ്.

You might also like

Most Viewed