താലിബാന് പിന്തുണയുമായി അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡണ്ട് അഷ്‌റഫ് ഗനിയുടെ സഹോദരൻ
കാബൂൾ: താലിബാന് പിന്തുണയുമായി അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡണ്ട് അഷ്‌റഫ് ഗനിയുടെ സഹോദരൻ ഹഷ്മത് ഗനി അഹ്‌മദ്‌സായ്. കലീമുല്ല ഹഖ്ഖാനിയുടെ സാന്നിധ്യത്തിലാണ് ഹഷ്മത് പുതിയ സർക്കാറിനുള്ള പിന്തുണ അറിയിച്ചത്. കച്ചീസ് ഗ്രാൻഡ് കൗൺസിൽ മേധാവിയാണ് ഹഷ്മത്. രാജ്യത്തെ അതിസന്പന്നരായ കച്ചികളുടെ കൂട്ടായ്മയാണിത്. ഗനി വ്യവസായ ഗ്രൂപ്പിന്റെ ചെയർമാനുമാണ്. താലിബാൻ കാബൂൾ കീഴടക്കിയതിന് പിന്നാലെ അഷ്‌റഫ് ഗനി രാജ്യം വിട്ടിരുന്നു. യുഎഇയാണ് ഗനിക്ക് അഭയം നൽകിയത്. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടിയാണ് താൻ രാജ്യം വിട്ടത് എന്നാണ് ഗനിയുടെ വാദം. രാജ്യത്തു നിന്ന് പണവുമായാണ് താൻ കടന്നുകളഞ്ഞത് എന്ന ആരോപണവും ഗനി തള്ളി. അഫ്ഗാനിൽ നിന്ന് വരുന്പോൾ ഷൂ മാറ്റാൻ പോലും സമയമുണ്ടായിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
അതിനിടെ, താലിബാന്റെ സർക്കാർ രൂപീകരണം തിടുക്കത്തിൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. ആഗസ്ത് 31നകം സർക്കാർ രൂപവത്കരിക്കുമെന്നാണ് താലിബാനുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് സേന രാജ്യത്തു നിന്ന് സന്പൂർണമായി പിൻവാങ്ങിയ ശേഷമായിരിക്കും പുതിയ സർക്കാർ എന്നാണ് സൂചന.
