ലഹരിമരുന്നുമായി നടി അഞ്ജു കൃഷ്ണ ചെന്നൈയിൽ അറസ്റ്റിൽ
ശാരിക l ചെന്നൈ:
തമിഴ്-മലയാളം സിനിമകളിൽ ശ്രദ്ധേയയായ നടി അഞ്ജു കൃഷ്ണയും തമിഴ് സിനിമയിലെ സഹസംവിധായിക വിൻസി നിവേദയും ഉൾപ്പെടെയുള്ള എട്ടുപേർ ചെന്നൈയിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായി. വത്സരവാക്കത്ത് വെച്ച് ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റ് (ANIU) നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 6 ഗ്രാം മെത്താംഫെറ്റമിൻ, 7 ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, എൽ.എസ്.ഡി സ്റ്റാമ്പുകൾ എന്നിവയും ഒമ്പത് മൊബൈൽ ഫോണുകളും ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.
രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണമാണ് സിനിമ മേഖലയുമായി ബന്ധപ്പെട്ട ഈ ലഹരി സംഘത്തിലേക്ക് പോലീസിനെ എത്തിച്ചത്. ലഹരി കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ വിഘ്‌നേശ്വരൻ എന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് വെങ്കിടേഷ് കുമാർ എന്നയാളെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് മഫ്തിയിൽ ലഹരി വാങ്ങാനെത്തിയ ഇടപാടുകാരെന്ന വ്യാജേന പോലീസ് വെങ്കിടേഷിനെ സമീപിച്ചു. ലഹരിമരുന്നുമായി കാറിൽ എത്തിയ വെങ്കിടേഷിനെയും കൂടെയുണ്ടായിരുന്ന അഞ്ജു കൃഷ്ണയെയും വിൻസിയെയും പോലീസ് സംഘം വളഞ്ഞു പിടികൂടുകയായിരുന്നു. കാർത്തിക് രാജ, യശ്വന്ത്, ശ്രീറാം, അൽവി ബിൻഷ എന്നിവരാണ് പിടിയിലായ മറ്റു പ്രതികൾ.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പിടിച്ചെടുത്ത ഫോണുകൾ കേന്ദ്രീകരിച്ച് സിനിമാ മേഖലയിലെ വലിയ ലഹരി ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ജോജു ജോർജ് ചിത്രം 'ആരോ', 'ആകാശം കടന്ന്' എന്നീ മലയാള സിനിമകളിലും തമിഴിലെ 'വെള്ളിമലൈ' എന്ന ചിത്രത്തിലും അഞ്ജു കൃഷ്ണ അഭിനയിച്ചിട്ടുണ്ട്. 'പ്രിയങ്കരി' എന്ന ടെലിവിഷൻ പരമ്പരയിലൂടെയും ഇവർ പ്രേക്ഷകർക്ക് പരിചിതയാണ്.
dsfgdfg


