സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയെ ബ്ലാക്ക്‌മെയിൽ ചെയ്ത യുവാവ് ബഹ്റൈനിൽ പിടിയിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പതിനേഴുകാരിയെ പ്രലോഭിപ്പിക്കുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്ത സംഭവത്തിൽ 29 വയസ്സുകാരനെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ആന്റി കറപ്ഷൻ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റാണ് പ്രതിയെ വലയിലാക്കിയത്. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പിടികൂടാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു.
പരാതി ലഭിച്ച ഉടൻ തന്നെ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഊർജിതമായ അന്വേഷണം ആരംഭിച്ചിരുന്നു. സൈബർ നിരീക്ഷണത്തിലൂടെയും തെളിവുശേഖരണത്തിലൂടെയും പ്രതിയെ തിരിച്ചറിഞ്ഞ ശേഷം ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിന് മുന്നോടിയായുള്ള നിയമനടപടികൾ നിലവിൽ പൂർത്തിയായി വരുന്നു.
കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളിൽ മാതാപിതാക്കളുടെ നിരന്തരമായ മേൽനോട്ടം ഉണ്ടാകണമെന്ന് അധികൃതർ പ്രത്യേകം ഓർമ്മിപ്പിച്ചു. സോഷ്യൽ മീഡിയയിലെ അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഭീഷണികളോ മറ്റോ നേരിടേണ്ടി വന്നാൽ ഭയപ്പെടാതെ എങ്ങനെ പ്രതികരിക്കണമെന്നും ആരോടാണ് സഹായം തേടേണ്ടതെന്നും കുട്ടികൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകണമെന്ന് യൂണിറ്റ് വ്യക്തമാക്കി.
സൈബർ ലോകത്ത് കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി 33523300 എന്ന നമ്പറിലോ 992 എന്ന ഹോട്ട്‌ലൈൻ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. കൂടാതെ cpcu@interior.gov.bh എന്ന ഇമെയിൽ വിലാസത്തിലൂടെയോ "My Government" ആപ്ലിക്കേഷൻ വഴിയോ പരാതികൾ അറിയിക്കാം. നേരിട്ട് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെത്തി വിവരങ്ങൾ കൈമാറാനുള്ള സൗകര്യവും ലഭ്യമാണ്.
dsfsdf


