ഗർഭം തുടരാൻ സ്ത്രീയെ നിർബന്ധിക്കാനാവില്ല; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
ശാരിക l ന്യൂഡൽഹി
ഗർഭം തുടരണോ എന്നത് തീരുമാനിക്കാൻ ഒരു സ്ത്രീക്ക് പൂർണ്ണ അവകാശമുണ്ടെന്നും ആരെയും അതിന് നിർബന്ധിക്കാനാവില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ കാര്യത്തിലും ഇത് ബാധകമാണെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഗർഭത്തിന് കാരണമായ സാഹചര്യം ലൈംഗിക പീഡനമാണോ അതോ ഉഭയസമ്മതപ്രകാരമാണോ എന്നത് ഇവിടെ പ്രസക്തമല്ലെന്നും കോടതി കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ 30 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിക്കൊണ്ടാണ് ഈ നിർണ്ണായക വിധി. നേരത്തെ കീഴ്ക്കോടതികൾ ഈ ആവശ്യം നിരസിച്ചതിനെ തുടർന്നാണ് പെൺകുട്ടി സുപ്രീംകോടതിയെ സമീപിച്ചത്.
പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഗർഭം ധരിക്കേണ്ടി വരുന്നത് ദൗർഭാഗ്യകരമാണെന്നും, ഒരു കുഞ്ഞിന്റെ ജനിക്കാനുള്ള അവകാശത്തേക്കാൾ ഇവിടെ അമ്മയാകണോ എന്ന് തീരുമാനിക്കാനുള്ള പെൺകുട്ടിയുടെ അവകാശത്തിനാണ് മുൻഗണനയെന്നും കോടതി നിരീക്ഷിച്ചു.
മുംബൈയിലെ ആശുപത്രിയിൽ ഗർഭഛിദ്രത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ കോടതി നിർദ്ദേശവും നൽകി. 24 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ മുൻകാലങ്ങളിൽ കോടതികൾ അനുമതി നൽകാതിരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന ഇടപെടൽ.
േേ്ിേ്


