ആശ്വസിക്കാം..... ചൈനീസ് റോക്കറ്റ് ഭൂമിയിൽ പതിച്ചു

ബെയ്ജിംഗ്: ചൈനീസ് റോക്കറ്റ് ലോംഗ് മാർച്ച് 5ബിയുടെ ഭാഗങ്ങൾ ഭൂമിയിൽ പതിച്ചു. റോക്കറ്റിന്റെ ഭാഗങ്ങൾ മാലദ്വീപിനോടു ചേർന്ന് ഇന്ത്യൻ മഹാസമുദ്രത്തിലാണ് ചിതറിത്തെറിച്ചത്. റോക്കറ്റിന്റെ ഭാഗങ്ങളിലേറെയും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചപ്പോഴെ കത്തിയെരിഞ്ഞതായും ചില ഭാഗങ്ങൾ മാത്രമാണ് കടലിൽ വീണതെന്നും ചൈന അറിയിച്ചു. നേരത്തേ, റോക്കറ്റ് കടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഒമാൻ, ഇസ്രയേൽ ഏന്നീ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ലഭിച്ചത്. ലോംഗ് മാർച്ച് ബഹിരാകാശ റോക്കറ്റിന്റെ മുഖ്യഭാഗത്തിനു തന്നെ 18 ടൺ ഭാരമാണുണ്ടായിരുന്നത്. ചൈനയുടെ ലാർജ് മോഡ്യുലർ സ്പേസ് േസ്റ്റഷന്റെ പ്രധാനഭാഗം ടിയാൻഹെ മൊഡ്യൂളിനെ ഏപ്രിൽ 29ന് ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ടിയാൻഹെ മൊഡ്യൂളിൽ നിന്ന് വേർപെട്ട റോക്കറ്റിന്റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായത്.