ഈജിപ്തിൽ പത്ത് ദിവസത്തിനുള്ളിൽ 49 പേർക്ക് വധശിക്ഷ; പ്രതിക്ഷേധം ശക്തം


കെയ്റോ: ഈജിപ്തിൽ പത്ത് ദിവസത്തിനുള്ളിൽ രണ്ട് സ്ത്രീകളടക്കം 49 തടവുപുള്ളികളെ ഒരുമിച്ച് തൂക്കിലേറ്റിയ ഈജിപ്ഷ്യൻ സർക്കാരിന്‍റെ നടപടിയ്ക്കെതിരെ പ്രതിഷേധം. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒരു സർക്കാർ അനുകൂല മാധ്യമത്തിൽ നിന്നാണ് സംഭവത്തിന്‍റെ വിവരങ്ങൾ ലഭ്യമായതെന്നും തൂക്കിലേറ്റപ്പെട്ടവരിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം നയിച്ചവരും ഉണ്ടായിരുന്നുവെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് വ്യക്തമാക്കി. ഒക്ടോബർ മൂന്ന് മുതൽ 13 വരെയുള്ള തീയതികളിലാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് സംഘടന വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട 49 പേരിൽ രാഷ്ട്രീയ അക്രമങ്ങളിൽ പ്രതികളായ 15 പേർ ഉൾപ്പെട്ടിരുന്നു. ഈജിപ്തിലെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് മുഹമ്മദ് മുർസിയുടെ ഭരണം പട്ടാളം അട്ടിമറിച്ചതിനു പിന്നാലെ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവരായിരുന്നു ഇവർ. 

ഇതിനു പുറമെ സോൾജിയേഴ്സ് ഒഫ് ഈജിപ്ത് എന്ന പേരിൽ 2014ൽ സായുധ ആക്രമണം നടത്തിയ 10 പേരും വധശിക്ഷയ്ക്ക് വിധേയമായവരിലുണ്ട്. തലസ്ഥാന നഗരമായ കെയ്റോയ്ക്ക് സമീപം ഒരു പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ മൂന്ന് പ്രതികളെയും അലക്സാണ്ട്രിയയിൽ നടന്ന ഒരു അക്രമാസക്തമായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ രണ്ട് പേരെയും വധിച്ചു - ഹ്യൂമൻ റൈറ്റ്സ് വാച്ച് ചൂണ്ടിക്കാട്ടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed