ഇറാനുമായുള്ള എണ്ണ വ്യാപാരം; ഇന്ത്യൻ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും യു.എസ് ഉപരോധം
ഷീബ വിജയ൯
വാഷിങ്ടൺ: സാമ്പത്തികമായ ഞെരുക്കൽ ലക്ഷ്യമിട്ട് ഇറാന്റെ പെട്രോളിയം, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിൽപനയിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യയിൽ നിന്നുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തി. എണ്ണ വ്യാപാരത്തിലൂടെ ലഭിക്കുന്ന ഫണ്ടുകൾ ഇറാന്റെ പ്രാദേശിക തീവ്രവാദ പ്രോക്സികളെ പിന്തുണക്കുന്നതിനും യു.എസ്. സേനക്കും സഖ്യകക്ഷികൾക്കും ഭീഷണി ഉയർത്തുന്ന ആയുധ സംവിധാനങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നു എന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ അവകാശവാദം.
ഉപരോധമേർപ്പെടുത്തിയവയിൽ ഷിപ്പിങ് നെറ്റ്‌വർക്കുകളും എയർലൈനുകളും ഉൾപ്പെട്ടിട്ടുണ്ട്. ഈ നീക്കത്തിലൂടെ ഇറാന്റെ പെട്രോളിയം, പെട്രോകെമിക്കൽ കയറ്റുമതികൾക്കെതിരായ ശ്രമങ്ങൾ ശക്തമാക്കാനും ഇറാന്റെ 'ദുഷ്ട പ്രവർത്തനങ്ങളെ' പിന്തുണക്കുന്ന സാമ്പത്തിക പ്രവാഹങ്ങളെ തടസ്സപ്പെടുത്താനും കഴിയുമെന്നാണ് യു.എസ്. വാദം. യു.എസ്. ട്രഷറി വകുപ്പിൻ്റെ വിദേശ ആസ്തി നിയന്ത്രണ ഓഫിസ് പ്രത്യേകമായി തയ്യാറാക്കിയ ദേശീയ പട്ടികയിൽ ഇന്ത്യൻ പൗരന്മാരായ സൈർ ഹുസൈൻ ഇഖ്ബാൽ ഹുസൈൻ സയ്യിദ്, സുൽഫിക്കർ ഹുസൈൻ റിസ്വി സയ്യിദ്, മഹാരാഷ്ട്ര ആസ്ഥാനമായുള്ള ആർ.എൻ ഷിപ്പ് മാനേജ്‌മെൻ്റ് പ്രൈവറ്റ് ലിമിറ്റഡ്, പുണെ ആസ്ഥാനമായുള്ള ടി.ആർ 6 പെട്രോ ഇന്ത്യ എൽ.എൽ.പി എന്നിവരും ഉൾപ്പെടുന്നു.
ഇറാൻ്റെ പെട്രോളിയം, പെട്രോളിയം ഉൽപ്പന്ന വിൽപനയിൽ ഉൾപ്പെട്ടിരിക്കുന്ന ഇന്ത്യ, പനാമ, സീഷെൽസ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലെ 17 സ്ഥാപനങ്ങളെയും വ്യക്തികളെയും കപ്പലുകളെയും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പട്ടികപ്പെടുത്തി. അതേസമയം, ട്രഷറി വകുപ്പ് 41 സ്ഥാപനങ്ങളെയും വ്യക്തികളെയും കപ്പലുകളെയും വിമാനങ്ങളെയും ഉപരോധത്തിനായി പട്ടികപ്പെടുത്തി. 2024 ഒക്ടോബറിനും 2025 ജൂണിനും ഇടയിൽ ഒന്നിലധികം കമ്പനികളിൽ നിന്ന് 8 മില്യൺ യു.എസ് ഡോളറിലധികം മൂല്യമുള്ള ബിറ്റുമെൻ ഇറക്കുമതി ചെയ്ത ഇന്ത്യ ആസ്ഥാനമായുള്ള ഒരു പെട്രോളിയം ഉൽപ്പന്ന വ്യാപാരിയാണ് ഇറാനിയൻ വംശജരായ 'ടി.ആർ 6 പെട്രോ' എന്ന് ഭരണകൂടം ആരോപിച്ചു.
FCVGHCGHGH
