40,000 വർഷം പഴക്കമുള്ള മാമത്തിൻ്റെ ആർ.എൻ.എ വിജയകരമായി വേർതിരിച്ച് ശാസ്ത്രജ്ഞർ; ലോകത്തെ ഏറ്റവും പഴക്കമുള്ള കണ്ടെത്തൽ
ഷീബ വിജയ൯
40,000 വർഷങ്ങൾക്ക് മുമ്പ് ഭൂമുഖത്ത് നിന്ന് വംശനാശം സംഭവിച്ച മാമത്തിൻ്റെ മൃതദേഹാവശിഷ്ടത്തിൽനിന്ന് ശാസ്ത്രജ്ഞർ വിജയകരമായി ആർ.എൻ.എ (RNA) വേർതിരിച്ചെടുത്തു. ലോകത്ത് കണ്ടെടുക്കപ്പെട്ടതിൽ വെച്ച് ഏറ്റവും പഴക്കമുള്ള ആർ.എൻ.എ ആണിത്. രോമാവൃത ശരീരവുമായി ഹിമയുഗത്തിൽ ജീവിച്ചിരുന്ന ആനകളുടെ വംശനാശം വന്ന വകഭേദമാണ് മാമത്ത്. ഇവ ഏകദേശം 1.6 ലക്ഷം വർഷങ്ങൾക്കും 3500 വർഷങ്ങൾക്കും ഇടയിലായി ജീവിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ.
സ്റ്റോക്ക്‌ഹോം യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് സൈബീരിയയിലെ പെർമാഫ്രോസ്റ്റ് എന്നറിയപ്പെടുന്ന മഞ്ഞുപാളിയിൽ നിന്ന് 40,000 വർഷം പഴക്കമുള്ള മാമത്തിൻ്റെ ടിഷ്യു കണ്ടെടുത്തത്. പ്രായപൂർത്തിയാവാത്ത ആൺ മാമത്തിൻ്റെ മസിൽ ടിഷ്യുവാണ് ഗവേഷണസംഘത്തിന് ലഭിച്ചത്. ഇതിന് അവർ 'യൂക്ക' എന്ന് പേര് നൽകി. യൂക്കയുടെ മസിൽ ടിഷ്യൂവിൽ നിന്നും എടുത്ത ആർ.എൻ.എ-യിൽ 20,000-ൽ അധികം വരുന്ന പ്രോട്ടീൻ കോഡിങ് ജീനുകൾക്കിടയിൽ ചിലതെല്ലാം സജീവമായിരുന്നതായി കണ്ടെത്താൻ സാധിച്ചു. ജീവൻ നിലനിർത്തുന്നതിൻ്റെ ഭാഗമായുള്ള പേശികളുടെ സങ്കോചവും സമ്മർദവുമായിരുന്നു അവ. ജീനുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ സഹായിക്കുന്ന മൈക്രോ ആർ.എൻ.എയും യൂക്കയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
മരണശേഷം ആർ.എൻ.എ വേഗം വിഘടിക്കുന്നു എന്ന ദീർഘകാലമായുള്ള നിഗമനങ്ങൾക്ക് ഈ പഠനം തെറ്റാണെന്ന് തെളിയിച്ചു. ആർ.എൻ.എ തന്മാത്രകൾക്ക് ദീർഘകാലം നിലനിൽക്കാൻ കഴിയുമെന്നും ഇതോടെ കണ്ടെത്തി. ആർ.എൻ.എയും ഡി.എൻ.എയും പ്രോട്ടീനുകളും ഉൾപ്പെടുത്തി മാമത്തിനെപ്പോലെ വംശനാശം സംഭവിച്ച ജീവിവർഗങ്ങളെ പുനഃസൃഷ്ടിക്കാനും, മാമത്തിനെ പോലുള്ള സസ്തനികൾ എങ്ങനെ ജീവിച്ചിരുന്നുവെന്ന് പഠിക്കാനും ഈ കണ്ടെത്തൽ സഹായിക്കും.
sxaszasas
