കോവിഡ് വാക്സിൻ വികസിപ്പിച്ചതായി ഇസ്രയേൽ
ജറുസലേം: കോവിഡ്-19 രോഗത്തിനുള്ള വാക്സിൻ വികസിപ്പിച്ചെന്ന അവകാശവാദവുമായി ഇസ്രയേൽ. പ്രതിരോധമന്ത്രി മൈക്കൽ ബെനറ്റാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് എന്ന മഹാമാരിയെ നേരിടുന്നതിന് സാധ്യമായ ചികിത്സയ്ക്കുള്ള സുപ്രധാനമായ വഴിത്തിരിവാണ് ഈ കണ്ടെത്തലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ റിസർച്ച് (ഐഐബിആർ) ആണ് പ്രതിരോധ വാക്സിൻ നിർമിച്ചത്.
ശരീരത്തിനുള്ളിൽ രോഗമുണ്ടാക്കുന്ന കൊറോണ വൈറസിനെ നിർവീര്യമാക്കാൻ പുതിയ വാക്സിനേഷന് കഴിയുമെന്നും മൈക്കൽ ബെനറ്റ് അറിയിച്ചു. കോവിഡ് പ്രതിരോധ വാക്സിനിൻ കണ്ടെത്തിയെന്ന വിവരത്തെ തുടർന്ന് തിങ്കളാഴ്ച ബെന്നറ്റ് ഐഐബിആർ കേന്ദ്രം സന്ദർശിച്ച് വിവരങ്ങൾ തിരക്കിയിരുന്നു. അതേസമയം, ആന്‍റിബോഡി ഫോർമുലയ്ക്ക് പേറ്റന്‍റ് ലഭിക്കുന്നുണ്ടെന്നും ഇതിനാൽ വൻ തോതിൽ ഉത്പാദിപ്പിക്കാൻ ശ്രമിക്കുമെന്നും ഐഐബിആർ ഡയറക്ടർ ഷ്മൂവർ ഷാപ്പിറ പറഞ്ഞു. നേരത്തേ, 2020 അവസാനത്തോടെ അമേരിക്കയിൽ കൊറോണ വൈറസിനുള്ള വാക്സിൻ ലഭ്യമാക്കുമെന്ന് പ്രസിഡണ്ട് ഡോണൾഡ് ട്രംപും വ്യക്തമാക്കിയിരുന്നു. വർഷാവസാനത്തോടെ വാക്സിൻ ലഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം വിശദമാക്കി. അമേരിക്കൻ ഗവേഷകരെ പിന്നിലാക്കി മറ്റൊരു രാജ്യം വാക്സിൻ കണ്ടുപിടിച്ചാൽ അവരെ അഭിനന്ദിക്കാൻ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

