യുക്രെയ്നിലെ മിസൈൽ ആക്രമണം: കൊല്ലപ്പെട്ട അഖിൽ ജോയന്റെ മൃതദേഹം സംസ്കരിച്ചു; കണ്ണീരോടെ വിട നൽകി നാട്
ഷീബ വിജയൻ
യുക്രെയ്നിൽ ചരക്കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ കാസർകോട് വെള്ളരിക്കുണ്ട് എ.കെ.ജി നഗർ സ്വദേശി അഖിൽ ജോയന്റെ (26) മൃതദേഹം സംസ്കരിച്ചു. വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളി സെമിത്തേരിയിൽ നാടിന്റെ അന്ത്യാഞ്ജലികളോടെയായിരുന്നു സംസ്കാരം. ജൂലൈ 19-നാണ് യുക്രെയ്നിലെ ഒഡേസ തീരത്ത് കരിങ്കടലിൽ 'എം.വി ഗോൾഡൻ ലിയോ' എന്ന ചരക്കുകപ്പലിന് നേരെ ആക്രമണമുണ്ടാകുന്നത്. കപ്പലിലെ ചീഫ് ഓഫീസറായിരുന്നു അഖിൽ. ആക്രമണത്തിൽ അഖിൽ ഉൾപ്പെടെ 10 പേർ മരണപ്പെട്ടു. ഒരു മാസത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മൃതദേഹം നാട്ടിലെത്തിക്കാൻ സാധിച്ചത്. ഞായറാഴ്ച രാത്രി വിമാനമാർഗം ബംഗളൂരുവിൽ എത്തിച്ച മൃതദേഹം റോഡ് മാർഗമാണ് വെള്ളരിക്കുണ്ടിലെ വീട്ടിലെത്തിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും ജനപ്രതിനിധികളും ഉൾപ്പെടെ വൻ ജനവലിയാണ് അഖിലിന് അവസാനമായി യാത്രാമൊഴി നൽകാൻ എത്തിയത്. ചിറ്റാരിക്കാലിലെ വ്യാപാരിയായ ജോയന്റെയും പോസ്റ്റ് ഓഫീസ് ആർ.ഡി കളക്ഷൻ ഏജന്റായ സാലിയുടെയും ഏക മകനാണ് അഖിൽ. രണ്ട് മാസം മുൻപ് നാട്ടിലെത്തി വിവാഹനിശ്ചയം കഴിഞ്ഞ്, ജോലിയിലേക്ക് മടങ്ങി തൊട്ടടുത്ത മാസമാണ് ദുരന്തം സംഭവിച്ചത്. വടംവലി കായികതാരമായിരുന്ന അഖിൽ, 30 സെക്കൻഡിൽ ഏറ്റവും കൂടുതൽ റോപ്പ് പുൾ-അപ്പുകൾ ചെയ്ത് ലോക റെക്കോർഡും നേടിയിട്ടുണ്ട്.
cxdcdsads

