പാക്കിസ്ഥാനിൽ സർക്കാർ ആശുപത്രിയിൽ തീപിടിത്തം: 15 നവജാതശിശുക്കൾക്ക് ദാരുണാന്ത്യം
ശാരിക
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ സർക്കാർ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ 15 നവജാതശിശുക്കൾക്ക് ദാരുണാന്ത്യം. ഇസ്‌ലാമാബാദിലെ 'പാക്കിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്' ആശുപത്രിയിലെ ഗൈനക്കോളജി വാർഡിലാണ് ബുധനാഴ്ച രാവിലെ ദുരന്തമുണ്ടായത്. വാർഡിൽ തീവ്രപരിചരണത്തിലായിരുന്ന 16 കുഞ്ഞുങ്ങളിൽ 15 പേരും സംഭവസ്ഥലത്തുതന്നെ വെന്തുമരിക്കുകയായിരുന്നു. തീയും കനത്ത പുകയും നിറഞ്ഞ വാർഡിൽ നിന്ന് ഒരു കുഞ്ഞിനെ മാത്രമാണ് അത്യാഹിത വിഭാഗത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെടുത്താനായത്.
ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള വാർഡിലെ എയർകണ്ടീഷണർ കംപ്രസർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് വഴിവെച്ചത്. സ്ഫോടനത്തിന് പിന്നാലെ തീ വാർഡിലേക്ക് വേഗത്തിൽ പടർന്നുപിടിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന കെട്ടിടത്തിന്റെ ചില്ലുകൾ തകർത്ത് അകത്തുകടന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. നിലവിൽ തീ പൂർണമായി നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
aa

