എച്ച്-1ബി വിസയ്ക്ക് ഫീസ് നിരക്ക് കൂട്ടാൻ അമേരിക്കൻ നീക്കം; ഇന്ത്യൻ ഐ.ടി വിദഗ്ദ്ധർക്ക് വൻ തിരിച്ചടി


ശാരിക

വാഷിംഗ്‌ടൺ ഡി.സി: വിദേശ തൊഴിലാളികൾക്ക് നൽകിവരുന്ന എച്ച്-1ബി വിസാ അപേക്ഷകൾക്ക് 1,03,265 ഡോളർ (ഏകദേശം 98 ലക്ഷം രൂപ) അധിക ഫീസ് ഏർപ്പെടുത്താൻ അമേരിക്കൻ ആഭ്യന്തര സുരക്ഷാവകുപ്പ് നിർദേശം നൽകി. നിലവിലുള്ള ഫീസുകൾക്ക് പുറമേയാണിത്. അമേരിക്കൻ സർവകലാശാലകളിൽ നിന്ന് മാസ്റ്റേഴ്സ് ബിരുദമോ അതിനുമുകളിലോ യോഗ്യതയുള്ളവർക്ക് ലഭിക്കുന്ന ‘അഡ്വാൻസ്ഡ് ഡിഗ്രി എക്സംപ്ഷൻ’ വിഭാഗത്തിലെ അപേക്ഷകർക്കും ഈ ഉയർന്ന നിരക്ക് ബാധകമായിരിക്കും.

എച്ച്-1ബി വിസയുടെ 70 ശതമാനം ഗുണഭോക്താക്കളും ഇന്ത്യക്കാരായതിനാൽ, ഈ തീരുമാനം മലയാളി ഐ.ടി വിദഗ്ദ്ധർ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രൊഫഷണലുകളെ കടുത്ത രീതിയിൽ ബാധിക്കും. ഐ.ടി രംഗത്തുള്ളവർ ഉൾപ്പെടെയുള്ള വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്ക് യു.എസ് നൽകിവരുന്ന പ്രധാന വിസയാണിത്.

അപേക്ഷകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകൾക്കും ഫെഡറൽ ഏജൻസികളുടെ പ്രവർത്തനങ്ങൾക്കുമുണ്ടാകുന്ന ചെലവ് തിരിച്ചുപിടിക്കാനാണ് ഈ വലിയ തുക ഫീസായി ഈടാക്കുന്നത്. ഇതിലൂടെ പ്രതിവർഷം ഏകദേശം 880 കോടി ഡോളർ വരുമാനം ലഭിക്കുമെന്നാണ് മന്ത്രാലയം കരുതുന്നത്. നിർദേശത്തിന്മേൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ 30 ദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്. അതിനു ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.

കഴിഞ്ഞ വർഷം എച്ച്-1ബി വിസയ്ക്ക് ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം കോടതി ഇടപെടലിനെ തുടർന്ന് മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കവുമായി ആഭ്യന്തര സുരക്ഷാവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed