ലണ്ടനിൽ ഗർഭിണിയെ കുത്തിക്കൊന്നു: കുഞ്ഞിന്റെ നില അതീവ ഗുരുതരം


ലണ്ടൻ: സൗത്ത് ലണ്ടനിലെ ക്രൊയ്ഡനിൽ എട്ടു മാസം ഗർഭിണിയായ യുവതി കുത്തേറ്റു മരിച്ചു. ആരോഗ്യ പ്രവർത്തകരുടെ സഹായത്താൽ പുറത്തെടുത്ത നവജാത ശിശുവിന്റെ നില അതീവ ഗുരുതരം. കെല്ലി മേരി ഫോറല്ലെ (26) എന്ന യുവതിയാണ് ഭയാനകമായ അക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടതെന്നു പോലീസ് പറഞ്ഞു. 
ശനിയാഴ്ച രാത്രിയാണു സംഭവം. ദേഹമാകെ കുത്തേറ്റ മുറിവുകളുമായി ജീവനുവേണ്ടി കേഴുന്ന യുവതിയെയാണു പോലീസ് ആദ്യം കണ്ടത്. ഇവർക്ക് ആരോഗ്യപ്രവർത്തകർ പ്രാഥമിക ശുശ്രൂഷ നൽകി. നിറവയർ കണ്ടതിനാൽ യുവതിയെ പ്രസവിപ്പിക്കാനും ശ്രമിച്ചു. കുഞ്ഞ് പുറത്തുവന്നതിനു പിന്നാലെ ഹൃദയസ്തംഭനത്തെ തുടർന്നു യുവതി മരിച്ചു. കുഞ്ഞുമായി പാരാമെഡിക്കൽ ജീവനക്കാർ ആശുപത്രിയിലേക്കു കുതിച്ചു. നവജാത ശിശുവിന്റെ നില അതീവ ഗുരുതരമാണെന്നു ലണ്ടനിലെ മെട്രോപൊലീറ്റൻ പോലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പുരുഷന്മാരെ കസ്റ്റഡിയിൽ എടുത്തു. ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവയ്ക്കണമെന്ന് ജനങ്ങളോട് പോലീസ് അഭ്യർഥിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed