നീരവ് മോദി ന്യൂയോർക്കിലെന്ന് റിപ്പോർട്ട്
ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 12,000 കോടിയുടെ സാന്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദി ന്യൂയോർക്കിലുണ്ടെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാർ റദ്ദാക്കിയ പാസ്പോർട്ട് ഉപയോഗിച്ചാണ് മോദി യാത്ര നടത്തുന്നത്. പാസ്പോർട്ട് റദ്ദാക്കിയ നടപടി മോദിയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് മാധ്യമങ്ങൾ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.
നീരവ് മോദി ഹോങ്കോംഗിലുണ്ടെന്നും കുറ്റവാളികളെ കൈമാറുന്ന കരാർ പ്രകാരം പിടികൂടി ഇന്ത്യക്ക് കൈമാറാൻ ഹോങ്കോംഗിനോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നുമുള്ള നിലപാട് സർക്കാർ തുടരുന്നതിനിടെയാണ് മോദി അമേരിക്കയിലാണുള്ളതെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കുടുംബസമേതം രാജ്യംവിട്ട മോദിയുടെ പാസ്പോർട്ട് കേന്ദ്ര സർക്കാർ നേരത്തെ റദ്ദാക്കിയിരുന്നു. മോദിയെ പിടികൂടി ഇന്ത്യയിലെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പാസ്പോർട്ട് റദ്ദ് ചെയ്തത്. എന്നാൽ റദ്ദ് ചെയ്യപ്പെട്ട ഈ പാസ്പോർട്ട് ഉപയോഗിച്ചാണ് നീരവ് മോദി അന്താരാഷ്ട്ര യാത്രകൾ ഇപ്പോഴും നടത്തുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ജനുവരി ഒന്നിന് രാജ്യം വിട്ട് യു.എ.ഇയിലേയ്ക്ക് പോയ നീരവ് മോദി ഫെബ്രുവരി രണ്ടിന് യുഎഇ വിട്ടു. തുടർന്ന് ഹോങ്കോംഗിലെത്തിയ നീരവ് ഫെബ്രുവരി 14 ന് അവിടെനിന്ന് ലണ്ടനിലേക്ക് പോയി. ഈ തീയതികളിലെല്ലാം നീരവ് മോദി യാത്രകൾ നടത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്നാണ് വാർത്ത പുറത്ത് വിട്ട ദേശീയ മാധ്യമം അവകാശപ്പെടുന്നത്.
