ജയലളിതയുടെ ഭൗതിക അവശേഷിപ്പുകളൊന്നും തങ്ങളുടെ പക്കലില്ലെന്ന് അപ്പോളോ ആശുപത്രി
ചെന്നൈ : അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഭൗതിക അവശേഷിപ്പുകളൊന്നും തങ്ങളുടെ പക്കലില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതർ. മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ആശുപത്രി മാനേജ്മെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. താൻ ജയലളിതയുടെ മകളാണെന്ന് കാണിച്ച് ബംഗളുരു സ്വദേശിനി അമൃത സമർപ്പിച്ച ഹർജിയുമായി ബന്ധപ്പെട്ടായിരുന്നു ആശുപത്രി മാനേജ്മെന്റിന്റെ വിശദീകരണം.
താൻ ജയലളിതയുടെ മകളാണെന്ന് തെളിയിക്കാൻ അപ്പോളോ ആശുപത്രി അധികൃതരുടെ പക്കൽ നിന്ന് ജയലളിതയുടെ തലമുടിയുടെ സാന്പിൾ ശേഖരിക്കണമെന്നാവശ്യപ്പെട്ടാണ് അമൃത ഹർജി നൽകിയത്. ഇതിൽ നിന്ന് ഡി.എൻ.എ പരിശോധന നടത്തി തന്റെ അവകാശം തെളിയിക്കണമെന്നും യുവതി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അമൃതയുടെ വാദങ്ങൾ പൊള്ളത്തരമാണെന്ന് ജയലളിതയുടെ അനന്തിരവൾ ദീപ കോടതിയെ അറിയിച്ചിരുന്നു. കൂടാതെ, ഇതുമായി ബന്ധപ്പെട്ട തെളിവുകൾ തങ്ങളുടെ പക്കലുമില്ലെന്ന് സംസ്ഥാന സർക്കാരും കോടതിയിൽ ബോധിപ്പിച്ചിരുന്നു. ജൂൺ നാലിനാണ് കേസിന്റെ അടുത്ത വിസ്താരം.
