ഇറാനുമായി രണ്ടാംവട്ട ചർച്ചയ്ക്കൊരുങ്ങുന്നതായി ട്രംപ്


പ്രദീപ് പുറവങ്കര I അന്തർദേശീയം

വാഷിംഗ്ടൺ: ഇറാനുമായുള്ള രണ്ടാംഘട്ട ചർച്ചകൾ നാളെ നടന്നേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള പ്രശ്നപരിഹാരത്തിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് "അതിന് സാധ്യതയുണ്ട്" എന്ന് അദ്ദേഹം ന്യൂയോർക്ക് പോസ്റ്റിനോട് പ്രതികരിച്ചു. മധ്യസ്ഥശ്രമങ്ങൾ പോസിറ്റീവാണെന്നും അടുത്ത 36 മുതൽ 72 മണിക്കൂറിനുള്ളിൽ നിർണ്ണായകമായ പുരോഗതി ഉണ്ടായേക്കുമെന്നും പാകിസ്താൻ വൃത്തങ്ങളും സൂചിപ്പിച്ചു.

അതേസമയം, ഇറാൻ ഒരു 'ഏകീകൃത നിർദ്ദേശം' മുന്നോട്ടുവെക്കുന്നത് വരെ നിലവിലെ വെടിനിർത്തലും നാവിക ഉപരോധവും തുടരുമെന്ന് ട്രംപ് അറിയിച്ചു. പാകിസ്താൻ നേതൃത്വത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് വെടിനിർത്തൽ നീട്ടിയതെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' കുറിച്ചു. ഏത് സാഹചര്യവും നേരിടാൻ സൈന്യത്തിന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇറാൻ തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ആവശ്യപ്പെട്ടു. ഇറാൻ നേതൃത്വത്തിൽ നിന്ന് പരസ്പരവിരുദ്ധമായ സന്ദേശങ്ങളാണ് വരുന്നത്. എന്നാൽ ഔദ്യോഗിക ചർച്ചകളിൽ അവർക്ക് വ്യക്തമായ ഏകീകൃത നിലപാട് ഉണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു.

ഇതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ രണ്ട് കപ്പലുകൾ പിടിച്ചെടുത്തു. സമുദ്ര നിയമങ്ങൾ ലംഘിച്ചതിനാണ് നടപടിയെന്ന് ഇറാന്റെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ഇറാൻ കപ്പലുകൾ പിടിച്ചെടുക്കുന്നത്. മേഖലയിൽ മൂന്ന് കപ്പലുകൾക്ക് നേരെ വെടിവെപ്പുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed