മിസൈൽ ഭീഷണിയുമായി വീണ്ടും ഉത്തരകൊറിയ
പ്യോംഗ്യാംഗ് : മിസൈൽ ഭീഷണിയുമായി വീണ്ടും ഉത്തര കൊറിയ. യു.കെ തീരം ലക്ഷ്യം വെച്ച് ഉത്തര കൊറിയ 18 മാസത്തിനുള്ളിൽ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചേക്കുമെന്ന് യു.കെയിലെ എം.പിമാർ ഉൾപ്പെട്ട ‘ദ കോമൺസ് ഡിഫൻസ് സെലക്ട് കമ്മിറ്റി’യുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മിസൈൽ ഭീഷണിക്കൊപ്പം സൈബർ ആക്രമണത്തെയും ഭയക്കണമെന്നാണ് റിപ്പോർട്ട് പറയുന്നത്. ഉത്തര കൊറിയയുടെ ആണവ മിസൈലുകളുടെ ലക്ഷ്യമായി യു.കെ മാറുമെന്ന് പ്രതിരോധ മന്ത്രാലയം കരുതുന്നില്ല. യു.എസ്സും ദക്ഷിണ കൊറിയയുമാണ് ഉത്തര കൊറിയയുടെ ശത്രുക്കൾ. യു.കെ ശത്രുപ്പട്ടികയിലില്ല. പക്ഷേ, വിവേകമല്ല അലിവില്ലായ്മയാണ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ്് ഉന്നിന്റേത്. ഇത് ആശങ്കപ്പെടുത്തുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ദീർഘദൂര മിസൈലുകളുടെ ഏത് ഉപയോഗവും മേഖലയിൽ സൈനിക ഇടപെടലുകളിലേക്ക് നയിക്കാം. സംഘർഷമുണ്ടായാൽ സൈനിക സഹായം നൽകാതിരിക്കാൻ യു.കെയ്ക്ക് മേൽ നിയമ ബാധ്യതയില്ല. ഇതുവരെ യു.കെ പക്ഷം ചേരാതെയാണ് നിൽക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. യു.എസ്സിന്റെ ഏതുഭാഗത്തെയും ആക്രമിക്കാവുന്ന തരത്തിലുള്ള ആറ് ആണവ മിസൈൽ പരീക്ഷണങ്ങളാണ് ഇതുവരെ ഉത്തര കൊറിയ നടത്തിയിട്ടുള്ളത്. തങ്ങളെ ലക്ഷ്യം വെയ്ക്കുന്നതിന് കിമ്മിന് ദൂരം തടസ്സമാകില്ലെന്നാണ് യു.കെ കരുതുന്നത്.
കഴിഞ്ഞവർഷം മെയിലുണ്ടായ ‘വാനാക്രി’ സൈബർ ആക്രമണം കൂടുതൽ ശക്തിയിൽ ഉത്തര കൊറിയ ആവർത്തിച്ചേക്കുമെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്. കന്പ്യൂട്ടറുകളുടെ പ്രവർത്തനം നിയന്ത്രണത്തിലാക്കി, ഫയലുകൾ വിട്ടുകിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെടുന്ന ‘റാൻസംവെയർ’ സൈബർ ആക്രമണമാണ് ലോകമാകെ നടന്നത്.
ഇന്ത്യയുൾപ്പെടെ, നൂറ്റന്പതിലേറെ രാജ്യങ്ങളിലെ മൂന്ന് ലക്ഷത്തിലേറെ കന്പ്യൂട്ടറുകളെയാണ് വൈറസ് ബാധിച്ചത്. ആശുപത്രികൾ, ബാങ്കുകൾ, ഓഫിസുകൾ എന്നിവയുടെയെല്ലാം പ്രവർത്തനം താറുമാറായി. ഇതിന് പിന്നിൽ ഉത്തര കൊറിയയാണെന്ന് യു.എസ്, ബ്രിട്ടൻ, മൈക്രോസോഫ്റ്റ് കന്പനി എന്നിവർ നേരത്തേ ആരോപിച്ചിരുന്നു.
അതേസമയം ഉത്തര കൊറിയയുമായി ദക്ഷിണ കൊറിയയുടെ ചർച്ച 24ന് നടക്കും. ഒരു ദശകത്തിനുശേഷം ആദ്യമായി ഇരു കൊറിയകളുടെയും നേതാക്കൾ ഉച്ചകോടിക്കായി ഒത്തുകൂടും. അതിർത്തി മധ്യേയുള്ള, സൈനിക മുക്ത മേഖലയായ പൻമുൻജോങ്ങിലായിരിക്കും ഉച്ചകോടി. മേഖലയുടെ ആണവ നിരായുധീകരണം, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തൽ എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ.

