ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് പുടിൻ തയ്യാറാണെന്ന് റഷ്യ
മോസ്്ക്കോ : അമേരിക്ക റഷ്യൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കി ശീതയുദ്ധ സമാനമായ സാഹചര്യം സൃഷ്ടിച്ചെങ്കിലും പ്രസിഡണ്ട് ഡോണൾഡ് ട്രംപുമായി ഉച്ചകോടിക്കു പുടിൻ തയാറാണെന്നു ക്രെംലിൻ വ്യക്തമാക്കി. ഇനി അമേരിക്കയാണു തീരുമാനമെടുക്കേണ്ടത്. റഷ്യക്ക് ഇക്കാര്യത്തിൽ തുറന്ന സമീപനമാണുള്ളതെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പത്രലേഖകരോടു പറഞ്ഞു.
മുൻ റഷ്യൻ ചാരൻ സെർജി സ്ക്രിപാലിനു നേർക്ക് ബ്രിട്ടനിലുണ്ടായ രാസായുധാക്രമണത്തിനു പിന്നിൽ മോസ്കോയുടെ കൈയുണ്ടെന്ന് ആരോപിച്ച് ബ്രിട്ടനും പാശ്ചാത്യരാജ്യങ്ങളും റഷ്യക്ക് എതിരെ നയതന്ത്ര യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. അമേരിക്ക 60 റഷ്യൻ നയതന്ത്രജ്ഞരെ അനഭിമതരായി പ്രഖ്യാപിച്ചു രാജ്യം വിടാൻ നിർദേശിച്ചു. ബ്രിട്ടൻ 23 പേരെ പുറത്താക്കി. ഒട്ടാകെ 25 യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ നയതന്ത്രജ്ഞർക്ക് എതിരെ നടപടിയെടുത്തു.
നാലാംവട്ടവും റഷ്യൻ പ്രസിഡണ്ടായ പുടിനെ ട്രംപ് അഭിനന്ദിച്ച് ഒരാഴ്ചയ്ക്കകമാണ് റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കിയത്. സ്ക്രിപാൽ സംഭവത്തിൽ റഷ്യക്കു യാതൊരു പങ്കുമില്ലെന്നു ക്രെംലിൻ ആവർത്തിച്ചു. ബ്രിട്ടീഷ് ലാബിൽ നിന്നാവണം ആക്രമണത്തിനുപയോഗിച്ച രാസവസ്തു പുറത്തുപോയതെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നുമാണു റഷ്യയുടെ നിലപാട്. റഷ്യക്ക് എതിരെ നീങ്ങിയ രാജ്യങ്ങൾക്ക് വൈകാതെ തക്ക മറുപടി നൽകുമെന്നു റഷ്യൻ വിദേശമന്ത്രാലയ വക്താവ് മരിയ സഖറോവ അറിയിച്ചു.

