പാക് പ്രധാ­നമന്ത്രി­ക്ക് അമേ­രി­ക്കൻ വി­മാ­നത്താ­വളത്തിൽ‍ സു­രക്ഷാ­ പരി­ശോ­ധന


വാഷിംഗ്ടൺ : പാകിസ്ഥാൻ പ്രധാനമന്ത്രി ഷാഹിദ് ഖഖാൻ അബ്ബാസിയെയും അമേരിക്കയിലെ വിമാനത്താവള അധികൃതർ സുരക്ഷാ പരിശോധനകൾക്ക് വിധേയനാക്കി. പാകിസ്ഥാനി ടെലിവിഷൻ ചാനലുകളാണ് ഇതുസംബന്ധിച്ച വാർത്തയും ദൃശ്യങ്ങളും പുറത്തുവിട്ടത്. സുരക്ഷാ പരിശോധനയ്ക്കുശേഷം കോട്ട് കൈയിൽ തൂക്കി ബാഗുമായി അബ്ബാസി പുറത്തേക്കുവരുന്ന ദൃശ്യങ്ങളാണ് ടെലിവിഷൻ ചാനലുകൾ പുറത്തുവിട്ടത്. അമേരിക്കൻ വിമാനത്താവളത്തിലെ ദൃശ്യങ്ങളാണ് ഇതെന്ന് പാക് മാധ്യമങ്ങൾ അവകാശപ്പെടുന്നു. പാക് ഭരണകൂടത്തിന്റെ ഭാഗമായ വ്യക്തികൾക്കെതിരെ അമേരിക്ക വിസാ നിയന്ത്രണം അടക്കമുള്ളവ ഏർപ്പെടുത്താൻ ഒരുങ്ങുന്നുവെന്ന് പാക് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ടുചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സുരക്ഷാ പരിശോധനയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുള്ളത്.

അസുഖ ബാധിതയായ സഹോദരിയെ സന്ദർശിക്കാൻ അബ്ബാസി കഴിഞ്ഞയാഴ്ച അമേരിക്ക സന്ദർശിച്ചിരുന്നു. സ്വകാര്യ സന്ദർശനത്തിനിടെ വൈസ് പ്രസിഡണ്ട് മൈക്ക് പെൻസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഭീകരവാദികൾക്കെതിരെ നടപടി വേണമെന്ന് ഈ കൂടിക്കാഴ്ചയ്ക്കിടെയും അബ്ബാസിയോട് മൈക്ക് പെൻസ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അതിനിടെ, അബ്ബാസിയെ സുരക്ഷാ പരിശോധനയ്ക്ക് വിധേയനാക്കിയെന്ന വാർത്തകൾ പാകിസ്ഥാനിൽ കടുത്ത ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്. പാകിസ്ഥാൻ അപമാനിക്കപ്പെട്ടുവെന്നും അബ്ബാസി രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നുമാണ് വിമർശം. 22 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തി ഇത്തരത്തിൽ പെരുമാറാൻ പാടില്ലായിരുന്നു. സ്വകാര്യ സന്ദർശനം ആയാൽപ്പോലും ഒരു പ്രധാനമന്ത്രിയാണെന്ന കാര്യവും നയതന്ത്ര പാസ്പോർട്ട് ഉള്ളകാര്യവും അബ്ബാസി ഓർക്കണമായിരുന്നുവെന്നും വിമർശം ഉയർന്നിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed