സാന്പത്തിക വളർച്ചയുടെ പ്രധാന ഘടകം സ്വകാര്യമേഖലയെന്ന് കിരീടാവകാശി
മനാമ : സാന്പത്തിക വളർച്ചയുടെ പ്രധാന ഘടകം സ്വകാര്യമേഖലയാണെന്നും അവയുടെ പങ്ക് പൊതുമേഖലയിൽ നിന്ന് പുനർനിർണ്ണയിക്കുന്നതിൽ ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. സ്വകാര്യമേഖലയുടെ വിജയം രാജ്യത്തിന്റെ കൂടെ വിജയമാണെന്ന് കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. സ്വകാര്യമേഖലയുടെ നേതൃത്വത്തിലുള്ള സാന്പത്തിക മാതൃക സുസ്ഥിരമായ സാന്പത്തിക വികസനത്തിനും മികച്ച സാധ്യതകൾക്കും അടിസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുദൈബിയ പാലസിൽ ചെയർമാൻ സമീർ അബ്ദുള്ള അഹ്മദ് നാസിന്റെ നേതൃത്വത്തിലുള്ള ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിയുടെ (ബി.സി.സി.ഐ) പുതിയ ഡയറക്ടർ ബോർഡിന് സ്വീകരണം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ബി.സി.സി.ഐയുടെ പുതിയ ചെയർമാനും ബോർഡ് അംഗങ്ങൾക്കും അദ്ദേഹം അഭിനന്ദനമറിയിച്ചു. സ്വകാര്യമേഖലയെ പിന്തുണയ്ക്കുന്ന നിരവധി പദ്ധതികളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
സാന്പത്തികരംഗം വളർത്തുന്നതിന് ചെറുതും ഇടത്തരവുമായ സംരംഭങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകാനും ബി.സി.സി.ഐ ബോർഡ് അംഗങ്ങൾക്ക് പ്രിൻസ് സൽമാൻ നിർദ്ദേശം നൽകി. ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030നെ സഹായിക്കുന്ന സാന്പത്തിക സംരംഭങ്ങൾക്ക് പിന്തുണ നൽകുന്നത് തുടരുമെന്ന് രാജാവിന്റെ വികസന പദ്ധതികളെ ഉദ്ധരിച്ച് പ്രിൻസ് സൽമാൻ പറഞ്ഞു. ബി.സി.സി.ഐക്ക് നൽകുന്ന പിന്തുണയ്ക്ക് ചെയർമാൻ സമീർ അബ്ദുള്ള അഹ്മദ് നാസ് രാജാവിന് നന്ദി പറഞ്ഞു. രാജ്യത്തിന്റെ സാന്പത്തിക പുരോഗതിക്കായി ബി.സി.സി.ഐ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

