വിഷപ്രയോഗം : 140ഓളം റഷ്യൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കി
മോസ്്ക്കോ : ബ്രിട്ടനിൽ അഭയം നൽകിയ റഷ്യൻ ചാരനും മകൾക്കുമെതിരെ നടന്ന വിഷപ്രയോഗത്തെ തുടർന്ന് റഷ്യയ്‌ക്കെതിരായ നടപടികൾ ശക്തമാക്കുന്നു. സംഭവത്തിൽ റഷ്യയ്ക്കുള്ള പങ്ക് ആരോപിച്ച് അമേരിക്ക, യൂറോപ്യൻ യൂണിയൻ തുടങ്ങിയ 21 രാജ്യങ്ങളിൽ നിന്ന് 140 ഓളം റഷ്യൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. ഇത്രയധികം നയതന്ത്രപ്രതിനിധികളെ ഒരുമിച്ച് പുറത്താക്കുന്നത് ആദ്യ സംഭവമാണ്.
അമേരിക്കയിൽ നിന്ന് മാത്രം 60 നയതന്ത്ര പ്രതിനിധികളെയാണ് പുറത്താക്കിയത്. സഖ്യകക്ഷിയായ ബ്രിട്ടന് നേരെ നടന്ന ആക്രമണമാണിത്. ഇത് ഒരിക്കലും ക്ഷമിക്കാൻ കഴിയുന്നതല്ല. നിഷ്‌കളങ്കരായ ജീവിതങ്ങളാണ് റഷ്യയുടെ പ്രവർത്തിയെ തുടർന്ന് ദുരിതം അനുഭവിക്കുന്നത്. ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നുപേർ അപകടത്തെ തുടർന്ന് ചികിത്സയിലാണ്. രാസായുധപ്രയോഗത്തിന്റെ അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്ന രീതിയാണ് റഷ്യ സ്വീകരിച്ചിരിക്കുന്നതെന്നും അമേരിക്ക കുറ്റപ്പെടുത്തി. സിയാറ്റിലുള്ള റഷ്യൻ കോൺസുലേറ്റും അമേരിക്ക അടച്ചുപൂട്ടി.
ബ്രിട്ടൻ നേരത്തെ തന്നെ 23 പ്രതിനിധികളെ പുറത്താക്കിയിരുന്നു. യൂറോപ്യൻ യൂണിയൻ 16 പേരെയും ഉക്രൈൻ 13 പേരെയും കാനഡ നാല് പേരെയും നോർവെ ഒരാളെയും അൽബാനിയ, ഓസ്‌ട്രേലിയ എന്നീരാജ്യങ്ങൾ രണ്ട് പ്രതിനിധികളെയും പുറത്താക്കിയിരുന്നു.
അതേസമയം പുറത്താക്കൽ നടപടി പ്രശ്നപരിഹാരത്തിന് ഗുണകരമാകില്ലെന്ന് വാദിച്ച നാറ്റോയും ഇന്നലെ ഏഴ് പേരെ പുറത്താക്കി. സംഭവത്തിൽ കൃത്യമായ വിശദീകരണം റഷ്യയുടെ ഭാഗത്തു നിന്നുണ്ടാകാത്തതിനെ തുടർന്നാണ് നാറ്റോയും നടപടി സ്വീകരിച്ചത്. നടപടി റഷ്യക്ക് വ്യക്തമായ സന്ദേശം നൽകുമെന്നും നാറ്റോ വ്യക്തമാക്കി. സംഭവത്തിൽ നിരവധി രാജ്യങ്ങൾ ബ്രിട്ടണൊപ്പം നിൽക്കുന്നതിൽ പ്രസിഡണ്ട് തെരേസ മേ സന്തോഷമറിയിച്ചു. നടപടികളെ സ്വാഗതം ചെയ്യുന്നതായും തെരേസ മേ പറഞ്ഞു.
അതേസമയം പുറത്താക്കൽ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായ നടപടിയെന്ന് ജർമ്മനിയിലെ റഷ്യൻ സ്ഥാനപതി ആരോപിച്ചു. ആരോപണത്തെ റഷ്യ അംഗീകരിക്കുന്നില്ല. നടപടികളെ പ്രതിരോധിക്കുമെന്നുംജൂണിൽ ആരംഭിക്കുന്ന ലോകകപ്പിനെ ബാധിക്കില്ലെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

