ചൈന കിം ജോംഗ് ഉന്നിന്‍റെ സന്ദർശനം സ്ഥിരീകരിച്ചു
ബെയ്ജിംഗ് : ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്‍റെ സന്ദർശനം സ്ഥിരീകരിച്ച് ചൈന. ചൈനീസ് മാധ്യമങ്ങളും ചൈനീസ് ഭരണകൂടത്തോട് അടുത്ത വൃത്തങ്ങളുമാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയത്. ഉത്തരകൊറിയൻ മാധ്യമങ്ങളും കിമ്മിന്‍റെ സന്ദർശന വാർത്ത ശരിവച്ചിട്ടുണ്ട്.
2011ൽ അധികാരമേറ്റ ശേഷം തികച്ചും അനൗദ്യോഗികമായി ആദ്യത്തെ വിദേശ സന്ദർശനം നടത്തിയ ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ ചൈനീസ് പ്രസിഡണ്ട് ഷീ ജിന്പിംഗുമായി കൂടിക്കാഴ്ച നടത്തി. ഷീ ജിന്പിംഗുമായി കിം കൂടിക്കാഴ്ച നടത്തിയ വിവരം സർക്കാരിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയാണ് പുറത്ത് വിട്ടത്. ഭാര്യയ്ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമൊപ്പമാണ് കിം തന്റെ ആദ്യ വിദേശ പര്യടനത്തിനായി ചൈനയിൽ എത്തിയത്. പ്രത്യേക സുരക്ഷയുള്ള പച്ച നിറത്തിലുള്ള ട്രെയിനിൽ കിം എത്തിയതായുള്ള റിപ്പോർട്ടുകൾ ഇന്നലെയാണ് പുറത്ത് വന്നത്. ട്രെയിനും സുപ്രധാന ഉത്തര കൊറിയൻ നേതാക്കൾ ചൈനയിലെത്തുന്പോൾ താമസിക്കാറുള്ള ഗസ്റ്റ് ഹൗസിൽ പതിവില്ലാതെ കനത്ത സുരക്ഷയും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കിം രാജ്യത്ത് എത്തിയതായി അഭ്യൂഹങ്ങൾ പരന്നത്. ആണവ പരീക്ഷണത്തിന്റെ പേരിൽ ഉത്തരകൊറിയ ലോകരാജ്യങ്ങളിൽ നിന്ന് എതിർപ്പ് നേരിടുന്നതിനിടെയാണ് കിം, തങ്ങളുടെ അടുത്ത സുഹൃദ് രാജ്യമായ ചൈനയിലെത്തിയത്. ആണവായുധങ്ങൾ ഉപേക്ഷിക്കുമെന്നും ആണവ പരീക്ഷണം അവസാനിപ്പിക്കുമെന്നും കൂടിക്കാഴ്ചയിൽ കിം ഷീയ്ക്ക് ഉറപ്പ് നൽകിയതായി പിന്നീട് ചൈന വാർത്താക്കുറിപ്പിൽ അറിയിച്ചു. ചൈനീസ് പ്രസിഡണ്ടുമായുള്ള കൂടിക്കാഴ്ച വിജയകരമായിരുന്നെന്ന് കിം പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും കൊറിയൻ പെനിസുലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ചും ചർച്ചകൾ നടന്നതായി കിം പറഞ്ഞു.
അമേരിക്കയുമായി ചർച്ച നടത്തുന്നതിന് ആവശ്യമെങ്കിൽ ഉച്ചകോടി വിളിക്കാൻ തയ്യാറാണ്. തങ്ങളുടെ ശ്രമങ്ങളോട് ദക്ഷിണ കൊറിയയും അമേരിക്കയും മുഖം തിരിക്കാതിരുന്നാൽ കൊറിയൻ പെനിസുലയിൽ നിലനിൽക്കുന്ന ആണവഭീഷണിയിൽ മാറ്റം വരുമെന്നും കിം പറഞ്ഞു.

