ഇന്ത്യയും പലസ്തീനും ആറ് കരാറുകളിൽ ഒപ്പ് വെച്ചു
റാമല്ല : ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പലസ്‌തീൻ സന്ദർശനം. സമീപ ഭാവിയിൽത്തന്നെ സ്വതന്ത്ര പലസ്‌തീൻ യാഥാർത്ഥ്യമാകുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്ന് പലസ്‌തീൻ പ്രസിഡണ്ട് മഹമ്മൂദ് അബ്ബാസിനൊപ്പമുള്ള സംയുക്‌ത പത്രസമ്മേളനത്തിൽ മോദി പറഞ്ഞു. പലസ്‌തീനിലേയ്ക്ക് ഔദ്യോഗികസന്ദർശനം നടത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.
സന്ദർശനത്തിന്‍റെ ഭാഗമായി ഇന്ത്യയും പലസ്തീനും ആറ് കരാറുകളിൽ ഒപ്പുവെച്ചു. അടിസ്ഥാന സൗകര്യവികസന മേഖലയുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഒപ്പുവെച്ചത്. ആരോഗ്യ രംഗത്തെ സഹകരണം മെച്ചപ്പെടുത്തുന്നതിനും, സ്ത്രീശാക്തീകരണത്തിനായി ഇന്ത്യ−-പലസ്തീൻ സെന്‍റർ സ്ഥാപിക്കുന്നതിനുമടക്കമാണ് കരാറുകൾ. പലസ്‌തീനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മോദിയുടെ ശ്രമങ്ങൾക്ക് ‘ഗ്രാൻഡ് കോളർ’ ബഹുമതി നൽകി മഹമ്മൂദ് അബ്ബാസ് ആദരിച്ചു. വിദേശരാഷ്ട്രത്തലവന്മാർക്ക് പലസ്‌തീൻ നൽകുന്ന പരമോന്നത ബഹുമതിയാണ് ‘ഗ്രാൻഡ് കോളർ’. സംഘർഷങ്ങൾ അവസാനിച്ച് പലസ്തീൻ മേഖലയിൽ സമാധാനത്തിന്റെ നാളുകൾ വരുമെന്ന് മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. പലസ്തീനിന്റെ താൽപ്പര്യങ്ങൾക്ക് ഇന്ത്യ പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ സന്ദർശനം വളരെ പ്രധാനമാണെന്ന് മഹ്്മൂദ് അബ്ബാസും പറഞ്ഞു.
ശനിയാഴ്ചയാണ് പ്രധാനമന്ത്രി പലസ്തീനിലെത്തിയത്. റാമല്ല വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് മികച്ച സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്. ജറുസലേമിലെ റോമൻ കത്തോലിക്ക ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള മത നേതാക്കളും ഇന്ത്യക്കാരും മോദിയെ സ്വീകരിക്കാൻ എത്തിയിരുന്നു. വിമാനത്താവളത്തിൽനിന്ന് യാസർ അറാഫത്തിന്‍റെ ശവകുടീരത്തിലേയ്ക്കാണ് മോദി പോയത്. ഇവിടെ പുഷ്പാർച്ച നടത്തിയ മോദി അറാഫത്ത് മ്യൂസിയവും സന്ദർശിച്ചു. പലസ്തീനിൽ ആകെ മൂന്ന് മണിക്കൂറാണ് മോദി ചിലവിട്ടത്.
ടെൽ അവീവിന് പകരം ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ നടപടിയെത്തുടർന്ന് കലുഷിതമായ മണ്ണിലേയ്ക്കാണ് മോദി സന്ദർശനത്തിനെത്തിയത്. അമേരിക്കൻ തീരുമാനം അസാധുവാണെന്ന് വ്യക്‌തമാക്കി ഐക്യരാഷ്ട്ര പൊതുസഭ കൊണ്ടുവന്ന പ്രമേയത്തിൽ ഇന്ത്യ അനുകൂലമായി വോട്ട് ചെയ്‌തിരുന്നു.

