കായിക താരങ്ങൾക്ക് നൽകുന്ന പെൻഷൻ ഇരട്ടിയാക്കി വർദ്ധിപ്പിച്ചു
ന്യൂഡൽഹി : പ്രശംസാർഹമായ സേവനത്തിന് കായിക താരങ്ങൾക്ക് നൽകി വരുന്ന പെൻഷൻ ഇരട്ടിയാക്കി വർദ്ധിപ്പിച്ചു. കേന്ദ്രയുവജനക്ഷേമ കായിക വകുപ്പ് മന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോഡാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഒളിന്പിക്സിൽ മെഡൽ നേടിയ താരങ്ങൾക്ക് പ്രതിമാസം നൽകിവരുന്ന 10,000 രൂപ 20,000 ആക്കിയും. ലോകകപ്പ്, ഏഷ്യൻ ചാന്പ്യൻഷിപ്പുകളിലെ സ്വർണ മെഡൽ ജേതാക്കൾക്കുള്ള 8000 രൂപ 16,000 ആയുമാണ് കേന്ദ്ര കായിക മന്ത്രാലയം വർദ്ധിപ്പിച്ചത്. പാരലിന്പിക്സ് താരങ്ങൾക്കും സമാന ആനുകൂല്യങ്ങൾ ലഭിക്കുമെന്നും മന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോഡ് അറിയിച്ചു.
ഖേലോ ഇന്ത്യ പദ്ധതിക്കായി കേന്ദ്രം 575 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതുകൂടാതെ കായിക താരങ്ങൾക്ക് വേണ്ടിയുള്ള ദേശീയ കായിക സർവ്വകലാശാല മണിപ്പൂരിൽ പ്രവർത്തനം ആരംഭിച്ചെന്നും സർവ്വകലാശാലക്ക് നിയമപരമായ പദവി ആവശ്യപ്പെട്ട് പാർലമെന്റിൽ ബിൽ അവതരിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കായിക താരങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കേൾക്കുന്നതിനും പരാതി പരിഹരിക്കുന്നതിനും കാൾ സെന്റർ രൂപീകരിക്കുമെന്നും ഇവിടെ വിളിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

