ഹവാ­യിയെ­ ഭീ­തി­യി­ലാ­ഴ്ത്തി­ വ്യാ­ജ ബാ­ലി­സ്റ്റിക് മി­സൈ­ലാ­ക്രമണ സന്ദേ­ശം


ന്യൂയോർക്ക് : അമേരിക്കയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി വ്യാജ മിസൈലാക്രമണ സന്ദേശം. ഹവായി ദ്വീപിലെ ജനങ്ങൾക്കാണ് സന്ദേശം ലഭിച്ചത്. മിസൈൽ ആക്രമണത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത പുലർത്തണമെന്നുമുള്ള സന്ദേശമാണ് ഹവായിയെ പരിഭ്രാന്തിയിലാഴ്ത്തിയത്.  മൊബൈൽ ഫോണിലാണ് ജനങ്ങൾക്ക് സന്ദേശം ലഭിച്ചത്. ഉത്തരകൊറിയയുടെ മിസൈൽ ആക്രമണ ഭീഷണി നിലനിൽക്കെയാണ് വ്യാജ സന്ദേശം ഹവായി ദ്വീപിൽ പ്രചരിച്ചത്. 10 മിനിറ്റിനകം ഇക്കാര്യം തെറ്റാണെന്നു കാണിച്ച് അടുത്ത സന്ദേശവുമെത്തി.

പ്രാദേശിക സമയം രാവിലെ 8.07നായിരുന്നു ആദ്യത്തെ എമർജൻസി സന്ദേശം ഹവായ് നിവാസികളുടെ ഫോണിലെത്തിയത്. ‘ബാലിസ്റ്റിക് മിസൈൽ ഹവായിക്കു നേരെ വരുന്നു. എത്രയും പെട്ടെന്ന് അഭയ സ്ഥാനത്തേക്കു മാറുക. ഇത് ഡ്രിൽ’ അല്ല’ എന്നതായിരുന്നു സന്ദേശം. 

എന്നാൽ എങ്ങോട്ടേക്കു പോകണമെന്നറിയാതെ ജനങ്ങൾക്കു പരിഭ്രാന്തിയുടെ നിമിഷങ്ങളായിരുന്നു പിന്നീട്. 8.45 ആയപ്പോൾ ഹവായ് എമർജൻസി മാനേജ്മെന്റ് ഏജൻസിയുടെ അടുത്ത സന്ദേശം എത്തി. ‘ഹവായ്ക്കു നേരെ മിസൈൽ ഭീഷണിയില്ല. അതൊരു തെറ്റായ സന്ദേശമായിരുന്നു’. മിസൈൽ ഭീഷണിയില്ലെന്ന് യു.എസ് പസഫിക് കമാൻഡും വ്യക്തമാക്കി.

ഓപറേഷൻസ് സെന്ററിലെ ജീവനക്കാരനു പറ്റിയ കയ്യബദ്ധമാണ് സന്ദേശത്തിനു പിന്നിലെന്ന് ഏമർജൻസി മാനേജ്മെന്റ് ഏജൻസി അഡ്മിനിസ്ട്രേറ്ററുടെ ഓഫിസും അറിയിച്ചു. ഫെഡറൽ കമ്യണിക്കേഷൻസ് കമ്മിഷൻസ്(എഫ്.സി.സി)യുടെയും ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസിയുടെയും നിർദ്ദേശപ്രകാരമാണ് ഇത്തരം സന്ദേശങ്ങൾ അയയ്ക്കേണ്ടത്. 

തെറ്റുപറ്റിയ സാഹചര്യത്തിൽ സംഭവത്തെപ്പറ്റി അന്വേഷണത്തിന് ഉത്തരവിട്ടതായി എഫ്.സി.സി ചെയർമാൻ അജിത് പൈ അറിയിച്ചു. സംഭവത്തെപ്പറ്റി പ്രസിഡണ്ട് ഡോണൾഡ് ട്രംപിനോടു വിശദീകരണം നൽകിയതായി വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ലിൻഡ്സേ വാൾട്ടേഴ്സ് പറഞ്ഞു. 

ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ഹവായിയെ ഉൾപ്പെടെ ലക്ഷ്യമിട്ടുള്ള മിസൈൽ പരീക്ഷണങ്ങളെപ്പറ്റി അടുത്തിടെ മുന്നറിയിപ്പു നൽകിയിരുന്നു. തുടർന്ന് ശീതയുദ്ധകാലത്ത് ദ്വീപിൽ നിലനിന്നിരുന്ന സൈറൻ മുന്നറിയിപ്പു സംവിധാനവും പുനഃസ്ഥാപിച്ചു. സന്ദേശം തെറ്റായിരുന്നെങ്കിലും മിസൈൽ ഭീഷണി സൃഷ്ടിക്കുന്ന പരിഭ്രാന്തി എത്രത്തോളമുണ്ടെന്ന് ജനങ്ങളെ മനസ്സിലാക്കിക്കാൻ ഇതുകൊണ്ടു സാധിച്ചെന്ന് ഹവായിയിൽ നിന്നുള്ള ഡെമാക്രാറ്റിക് പാർട്ടി പ്രതിനിധി ടൽസി ഗാബർഡ് പറഞ്ഞു. 

‘15 മിനിറ്റു മാത്രമേ മിസൈലിൽ നിന്ന് രക്ഷപ്പെടാൻ ഉള്ളൂവെന്ന് ഹവായിയിലെ 10 ലക്ഷത്തിലേറെ വരുന്ന ജനങ്ങൾക്കു മനസ്സിലായി. പക്ഷേ എവിടേക്കാണ് രക്ഷപ്പെടുക? അണുബോംബിൽ നിന്ന് ഞങ്ങളെ രക്ഷിക്കാൻ എവിടെയാണ് അഭയസ്ഥാനമുള്ളത്? എവിടെയുമില്ല എന്നതാണു സത്യം’ ടൽസി വിമർശിച്ചു. 

മുൻവിധികളില്ലാതെ ഉത്തരകൊറിയയുമായി ചർച്ചയ്ക്ക് ട്രംപ് തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. കൊറിയൻ പെനിൻസുല ആണവായുധ മുക്തമാക്കേണ്ട ആവശ്യം ഇനിയെങ്കിലും തിരിച്ചറിയണമെന്നും ടൽസി ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed