കെനിയയിൽ പ്രതിഷേധം രൂക്ഷം : മനുഷ്യാവകാശ സംഘടന കേസെടുത്തു
നെയ്റോബി : കെനിയയിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഉഹ്റു കെനിയാറ്റയുടെ വിവാദ വിജയത്തെത്തുടർന്ന് നടന്ന പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായി. പ്രതിഷേധത്തിനിടെ മരിച്ചവരുടെ എണ്ണം 24 ആയി. സംഘർഷങ്ങളിൽ കെനിയൻ മനുഷ്യാവകാശ സംഘടന കേസെടുത്തു. 24 പേരാണ് ഇതുവരെ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടത്. രാജ്യത്തിപ്പോഴും സംഘർഷം തുടരുകയാണ്.
പല സ്ഥലങ്ങളിലും പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പോലീസ് വെടിവയ്പിലാണ് മിക്കവരും കൊല്ലപ്പെട്ടത്. മരിച്ചവരിൽ ഒന്പതു വയസുകാരിയായ പെൺകുട്ടിയും ഉൾപ്പെടുന്നതായി കെനിയൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.
തലസ്ഥാനമായ നെയ്റബിയിൽ പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. വെടിവെപ്പിൽ നിരവധി പേർക്ക് വെടിയേറ്റു. പ്രതിഷേധക്കാരെ പൊലീസ് നേരിട്ട രീതിയിലും വിമർശനങ്ങൾ ഉയർന്നിട്ടുമുണ്ട്.
കെനിയാറ്റയോട് പരാജയപ്പെട്ട റയ്‌ല ഒഡിംഗ തിരഞ്ഞെടുപ്പിൽ കൃത്രിമത്വം ആരോപിച്ചതോടെയാണ് പ്രതിപക്ഷ പ്രതിഷേധം ശക്തമായത്. ഫലം തെറ്റായാണു തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റിലൂടെ പുറത്തുവിട്ടതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. 2007ൽ തെരഞ്ഞെടുപ്പിനെത്തുടർന്നു പൊട്ടിപ്പുറപ്പെട്ട ലഹളയിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടിരുന്നു.

