വിർജീനിയയിൽ വംശീയ സംഘർഷം : അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
വിർജീനിയ : ആഭ്യന്തരയുദ്ധകാലത്തു വെള്ളക്കാരുടെ സേനാനായകനായിരുന്ന ജനറൽ റോബർട്ട് ലീയുടെ പ്രതിമ മാറ്റുന്നതിനെച്ചൊല്ലി യു.എസിലെ വിർജീനിയ സംസ്ഥാനത്തെ ഷാർലറ്റ്സ്‌വിൽ നഗരത്തിൽ അരങ്ങേറിയ സംഘർഷത്തെ തുടർന്ന് മേഖലയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
നഗരത്തിലെ പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമ മാറ്റരുതെന്നാവശ്യപ്പെട്ട് വെള്ളക്കാരുടെ മേധാവിത്വത്തിനുവേണ്ടി വാദിക്കുന്ന നവ നാസി, കു ക്ലക്സ് ക്ലാൻ തുടങ്ങിയ തീവ്ര ദേശീയവാദികൾ പ്രക്ഷോഭ പരിപാടികൾ നടത്തുകയാണ്. ഇവരെ എതിർക്കുന്നവരും മാർച്ചുമായി രംഗത്തിറങ്ങിയതോടെ നഗരം സംഘർഷ ഭൂമിയായി.
തീവ്രദേശീയ വാദികളെ എതിർക്കുന്നവരുടെ മാർച്ചിലേക്ക് അക്രമി കാർ ഓടിച്ചുകയറ്റി ഒരു സ്ത്രീയെ കൊലപ്പെടുത്തിയിരുന്നു. പരിക്കേറ്റ19 പേരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. മേഖലയിൽ ആകാശ നിരീക്ഷണത്തിനു നിയോഗിക്കപ്പെട്ട പോലീസ് ഹെലികോപ്റ്റർ തകർന്ന് പൈലറ്റും രണ്ട് പോലീസുകാരനും കൊല്ലപ്പെട്ടു.
കാർ ഓടിച്ചു കയറ്റിയ അക്രമിയെ പോലീസ് അറസ്റ്റു ചെയ്തു. ഒഹായോ സംസ്ഥാനത്തു നിന്നുള്ള ജയിംസ് ഫീൽഡ്സാണ് (20) പിടിയിലായത്.
ഷാർലറ്റ്സ്‌വിൽ സിറ്റി കൗൺസിലാണ് പ്രതിമ നീക്കം ചെയ്യാൻ വോട്ടെടുപ്പിലൂടെ തീരുമാനിച്ചത്. പ്രതിമ നിലനിൽക്കുന്ന ലീ പാർക്കിന്‍റെ പേർ ഇമാൻസിപേഷൻ പാർക്ക് എന്നാക്കി മാറ്റാനും തീരുമാനിച്ചിരുന്നു.
അതേസമയം വെള്ളക്കാരുടെ മേധാവിത്വത്തിനുവേണ്ടി വാദിക്കുന്ന തീവ്ര ദേശീയവാദികളെ മാത്രം കുറ്റപ്പെടുത്തുന്നതിനു പകരം സംഘർഷത്തിൽ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന രീതിയിലുള്ള പ്രസിഡണ്ട് ട്രംപിന്‍റെ പ്രതികരണം വിമർശനത്തിനിടയാക്കിയിരുന്നു.

