തുർക്കിക്ക് എഫ്-35 വിമാനങ്ങൾ നൽകാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ നെതന്യാഹു
ശാരിക l അന്തർദേശീയം
വാഷിംഗ്ടൺ: തുർക്കിക്ക് അത്യാധുനിക എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ നല്‍കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിനെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഈ നീക്കം മേഖലയിലെ സുരക്ഷയെ ബാധിക്കുമെന്നാണ് നെതന്യാഹു പറയുന്നത്. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. അമേരിക്കയുടെ എഫ്-35 യുദ്ധവിമാനം കൈമാറിയതുകൊണ്ട് മാത്രം തുർക്കി അമേരിക്കയുടെ ഒരു സൗഹൃദ രാജ്യമായി മാറില്ലെന്ന് നെതന്യാഹു പറഞ്ഞു. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനെ രൂക്ഷമായ ഭാഷയിലാണ് ഇസ്രായേൽ പ്രധാനമന്ത്രി വിമർശിച്ചത്. "തുർക്കിയിലെ ഇപ്പോഴത്തെ ഭരണം അമേരിക്കയെ വെറുക്കുന്ന മുസ്ലിം ബ്രദർഹുഡ് ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട ഒന്നാണ്. ഉർദുഗാൻ അമേരിക്കയുടെ മികച്ചൊരു സഖ്യകക്ഷിയല്ല. ഒരേയൊരു ജൂത രാഷ്ട്രമായ എന്റെ രാജ്യത്തെ തകർക്കുമെന്നാണ് അദ്ദേഹം ഭീഷണിപ്പെടുത്തുന്നത്.
ഇത്തരം ഒരു ഭരണകൂടത്തിന് ആയുധക്കരുത്ത് നൽകിയാൽ അത് മേഖലയിൽ കൂടുതൽ ആക്രമണങ്ങൾക്ക് കാരണമാകും." - ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. തുർക്കിക്ക് വിമാനങ്ങൾ നൽകരുതെന്ന് താൻ നേരിട്ട് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. റഷ്യൻ മിസൈൽ പ്രതിരോധ സംവിധാനം വാങ്ങിയതിനെത്തുടർന്ന് തുർക്കിക്കുമേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾ പിൻവലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് എഫ്-35 യുദ്ധവിമാനം വാങ്ങുന്നതിന് തുർക്കിക്ക് മുന്നിൽ വഴിതുറക്കുന്നത്.
2019ലാണ് റഷ്യൻ മിസൈൽ സംവിധാനം വാങ്ങിയതിന്റെ പേരിൽ എഫ്-35 പദ്ധതിയിൽനിന്ന് പുറത്താക്കിക്കൊണ്ട് തുർക്കിക്കുമേൽ യുഎസ് ഉപരോധമേർപ്പെടുത്തിയത്. നാറ്റോ ഉച്ചകോടിക്കായി അങ്കാറയിൽ ഇറങ്ങിയതിന് ശേഷം തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി സംസാരിക്കവെയാണ് ട്രംപ് ഉപരോധം നീക്കുന്ന കാര്യം അറിയിച്ചത്.
fjgj

