മഹാരാഷ്ട്രയിൽ കനത്ത മഴ: പുഴയിലേക്ക് ഒഴുകിപ്പോയത് മൂവായിരം എൽ.പി.ജി സിലിണ്ടറുകൾ
ഷീബ വിജയൻ
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് എച്ച്.പി.സി.എൽ പ്ലാന്റിൽ വെള്ളം കയറി ആയിരക്കണക്കിന് എൽ.പി.ജി സിലിണ്ടറുകൾ പാതാൾഗംഗ പുഴയിലൂടെ ഒഴുകിപ്പോയി. പുഴയിലൂടെ ഗ്യാസ് സിലിണ്ടറുകൾ കൂട്ടത്തോടെ ഒഴുകിനീങ്ങുന്ന ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രദേശവാസികൾ വലിയ ആശങ്കയിലായിരിക്കുകയാണ്. പൻവേൽ താലൂക്കിലെ ചാവനെ ഗ്രാമത്തിലുള്ള എച്ച്.പി.സി.എൽ എൽ.പി.ജി ബോട്ടിലിങ് പ്ലാന്‍റിലാണ് ഈ അപകടമുണ്ടായത്.
ഒഴുകിപ്പോയ സിലിണ്ടറുകളിൽ പാചകവാതകം നിറഞ്ഞവയും കാലിയായവയും ഉണ്ടെന്നാണ് കമ്പനി അധികൃതർ നൽകുന്ന വിവരം. അപകടസാധ്യത മുൻനിർത്തി റായ്ഗഡ് ജില്ലാ കളക്ടർ കിഷൻ ജാവലെ പ്രദേശവാസികൾക്ക് കർശന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പുഴയിലോ കരയിലോ അടിയുന്ന ഒരു സിലിണ്ടറിന്റെ അടുത്തേക്കും പൊതുജനങ്ങൾ പോകരുതെന്നും, ഒരു കാരണവശാലും അവ എടുക്കാനോ മാറ്റാനോ വീട്ടിലേക്ക് കൊണ്ടുപോകാനോ ശ്രമിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും തരത്തിൽ സിലിണ്ടറുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പ്രാദേശിക അധികാരികളെ വിവരമറിയിക്കണമെന്നും അവയിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും ഭരണകൂടം പൊതുജനങ്ങളോട് അഭ്യർഥിച്ചു. ജില്ലയുടെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നതിനാൽ സാഹചര്യം റവന്യൂ-ദുരന്തനിവാരണ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
xsxds

