യുഎസിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന കേസിൽ ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ


ഷീബ വിജയൻ

വാഷിംഗ്ടൺ: അമേരിക്കയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന സ്വദേശിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ അവിനാശ് നരണേയ് (30) ആണ് യുഎസ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒക്ടോബറിലാണ് അവിനാശിന്റെ ഭാര്യ രജിത സബിനേനി (27) യെ വാഷിംഗ്ടണിലെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ ശുചിമുറിയിൽ കയറി വാതിൽ തുറക്കുന്നില്ലെന്ന് പറഞ്ഞ് അവിനാശ് തന്നെയാണ് പോലീസിനെ വിളിച്ചറിയിച്ചത്. തുടർന്ന് പോലീസെത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോഴേക്കും രജിത മരണപ്പെട്ടിരുന്നു.

വിവാഹം കഴിഞ്ഞ് ആറുമാസം തികയുന്നതിന് മുൻപായിരുന്നു രജിതയുടെ ദാരുണ അന്ത്യം. കേസിൽ വഴിത്തിരിവായത് അടുത്തിടെ പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ്. രജിതയുടേത് സ്വാഭാവിക മരണമല്ലെന്നും ശ്വാസം മുട്ടിച്ചുള്ള കൊലപാതകമാണെന്നും റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇതോടെ പോലീസ് അവിനാശിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. സംഭവം നടക്കുമ്പോൾ താൻ പുറത്തുപോയിരിക്കുകയായിരുന്നുവെന്നും അരമണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഭാര്യ ശുചിമുറിയിലാണെന്ന് അറിഞ്ഞതെന്നുമായിരുന്നു അവിനാശിന്റെ മൊഴി. എന്നാൽ വീട്ടിലെ സ്മാർട്ട് ലോക്ക് സിസ്റ്റത്തിൽ നിന്നുള്ള ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച പോലീസ്, ഈ സമയത്ത് പുറത്തുനിന്ന് ആരും അകത്തുകടന്നിട്ടില്ലെന്ന് ഉറപ്പുവരുത്തി.

തുടർന്ന് ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ അവിനാശിന് ഇന്ത്യയിലുള്ള മറ്റൊരു യുവതിയുമായി രഹസ്യബന്ധമുണ്ടെന്ന് കണ്ടെത്തി. രജിതയുമായുള്ള വിവാഹത്തിന് മുൻപ് തന്നെ ഈ യുവതിയുമായി അവിനാശ് പ്രണയത്തിലായിരുന്നു. വിവാഹശേഷവും ഇവർ ദിവസവും നാല് തവണയെങ്കിലും ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. രജിത കൊല്ലപ്പെട്ട ദിവസവും ഇയാൾ കാമുകിയെ വിളിക്കുകയും ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രം ഫോണിലൂടെ അയച്ചു നൽകുകയും ചെയ്തു. പിന്നീട് ഈ സന്ദേശങ്ങളെല്ലാം ഫോണിൽ നിന്ന് ഇയാൾ ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇതിനുപുറമെ, അവിനാശ് അടുത്തകാലത്തായി ഉണ്ടാക്കി നൽകുന്ന സ്മൂത്തിക്ക് ചുമമരുന്നിന്റെ രുചിയുണ്ടെന്ന് രജിത പരാതിപ്പെടുന്ന ചാറ്റുകളും പോലീസ് കണ്ടെടുത്തു. ഈ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം തെളിഞ്ഞതോടെയാണ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

article-image

asddasasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed