തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചത് സുതാര്യമായിട്ടാണ്; വി.ഡി. സതീശനെതിരെ പിണറായി വിജയൻ
ഷീബ വിജയൻ
കൽപ്പറ്റ: വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ പറഞ്ഞു. കള്ളാടിയിലെ ദുരന്തസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിന്റെ വീഴ്ചകൾ മറച്ചുവെക്കാൻ വേണ്ടി ബോധപൂർവ്വം വിവാദങ്ങൾ ഉണ്ടാക്കാനാണ് മന്ത്രിമാർ ശ്രമിക്കുന്നതെന്നും തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചത് യാതൊരുവിധ സൂത്രപ്പണിയിലൂടെയുമല്ലെന്ന് പിണറായി വ്യക്തമാക്കി.
വളരെ സുതാര്യമായി നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. 2023-ൽ ഇതിനായുള്ള പഠനങ്ങൾ പൂർത്തിയാക്കുകയും സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ആവശ്യമായ അനുമതികൾ നൽകുകയും ചെയ്തതാണ്. ഈ അനുമതിക്കെതിരെ വന്ന ഹർജികളെല്ലാം 2025 ഡിസംബർ 16-ന് ഹൈക്കോടതി തള്ളിക്കളഞ്ഞതാണ്. തുടർന്ന് സമർപ്പിക്കപ്പെട്ട അപ്പീലുകളിൽ ഹൈക്കോടതി വിധി സുപ്രീം കോടതിയും ശരിവെക്കുകയുണ്ടായി. പാരിസ്ഥിതിക അനുമതി സമ്മർദ്ദം ചെലുത്തി വാങ്ങിയതാണെന്ന ആരോപണം കോടതികളോടുള്ള അവഗണനയാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. പലരെയും പഴിചാരി മന്ത്രിമാർ തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്.
ഉന്നതതല യോഗമാണ് അപകടസ്ഥലത്തെ മണ്ണ് നീക്കാൻ മുൻപ് നിർദേശം നൽകിയിരുന്നത്. എന്നാൽ ആ തീരുമാനം എങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്നും അതിന് ആരാണ് ഉത്തരവാദിയെന്നും അന്വേഷിക്കണം. വയനാടിന് വലിയ സാധ്യതകൾ തുറന്നുനൽകുന്ന പദ്ധതിയാണ് തുരങ്കപാത. പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്ത മണ്ണ് അവിടെ കൂനയായി കൂട്ടിയിട്ടിട്ടുണ്ടായിരുന്നു. ഈ മണ്ണും മുകളിൽ നിന്ന് വന്ന മണ്ണും ചേർന്നാണ് താഴേക്ക് ഒലിച്ചിറങ്ങി ദുരന്തമുണ്ടായത്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചനം അറിയിക്കുന്നതായും പിണറായി വിജയൻ പറഞ്ഞു. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമായി തുടരുന്നുണ്ടെന്നും സർക്കാരിന്റെ രക്ഷാപ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
xccdsxcdsvds

