സത്യപ്രതിജ്ഞ ചെയ്യാൻ ബിജെപി കൗൺസിലർ ആർ. സുഗതന് ഇടക്കാല ജാമ്യം


ഷീബ വിജയൻ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കോർപ്പറേഷൻ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് വേണ്ടിയാണ് നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഈ മാസം 14-ന് സുഗതന് ജാമ്യം നൽകിയത്. ജൂലൈ 13-ന് വൈകീട്ട് 5 മണി മുതൽ 14-ന് രാത്രി 9 മണി വരെയുള്ള 28 മണിക്കൂർ നേരത്തേക്കാണ് ജാമ്യ കാലാവധി. വിവിധ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് ബിജെപിയുടെ 20 കൗൺസിലർമാരുടെ അംഗത്വം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇവർ നിയമപ്രകാരം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും കോടതി നിർദേശിച്ചിരുന്നു.

കോടതി അംഗത്വം റദ്ദാക്കിയ കൗൺസിലർമാരിൽ ഒരാളായിരുന്നു സുഗതൻ. ഹൈക്കോടതി വിധിയെത്തതുടർന്ന് മറ്റ് 19 ബിജെപി കൗൺസിലർമാരും വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തിരുന്നു. എന്നാൽ വധശ്രമക്കേസിൽപ്പെട്ട് ജയിലിലായതിനെ തുടർന്ന് സുഗതന് മാത്രം സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് സത്യപ്രതിജ്ഞയ്ക്കായി ഇടക്കാല ജാമ്യം തേടി സുഗതൻ കോടതിയെ സമീപിച്ചത്. ഈ മാസം തന്നെ സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിലോ അല്ലെങ്കിൽ തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാലോ സുഗതന് കൗൺസിലർ സ്ഥാനം നഷ്ടമാകുമായിരുന്നു. കോടതി വിധിയിലൂടെ ഇതിന് താല്കാലിക ആശ്വാസമായിരിക്കുകയാണ്.

വധശ്രമക്കേസിലും പോലീസിനെ ആക്രമിച്ച കേസിലുമാണ് ഇപ്പോൾ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. നിലവിൽ വിയ്യൂർ ജയിലിലുള്ള സുഗതൻ തിങ്കളാഴ്ച വൈകീട്ട് ജയിൽ മോചിതനാകുകയും ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുകയും വേണം. അതിനുശേഷം 11.30-ഓടെ കൗൺസിൽ ഹാൾ വിടണമെന്നും സത്യപ്രതിജ്ഞ ചടങ്ങിലല്ലാതെ മറ്റ് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ പാടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സുഗതനെതിരെ കാപ്പ (KAAPA) നിയമപ്രകാരമുള്ള കേസ് നിലനിൽക്കുന്നതിനാൽ ഹൈക്കോടതി കൂടി ഇളവ് അനുവദിച്ചാൽ മാത്രമേ അദ്ദേഹത്തിന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കൂ. ഇതിനായി സുഗതന്റെ അഭിഭാഷകർ ഉടൻ തന്നെ ഹൈക്കോടതിയെ സമീപിച്ചേക്കും.

article-image

asdasdads

You might also like

  • Lulu Exchange
  • Straight Forward

Most Viewed