അമേരിക്കൻ നഗരങ്ങൾ മരുഭൂമിയാകുന്നു: ഭീതിയുണർത്തി ശാസ്ത്രലോകത്തിന്‍റെ പുതിയ പഠന റിപ്പോർട്ട്


ശാരിക l അന്തർദേശീയം

അമേരിക്ക: ലോകത്തിന്‍റെ സ്വപ്നരാജ്യമായ അമേരിക്കയ്ക്കു വരും വർഷങ്ങളിൽ നേരിടേണ്ടിവരുന്നത് വൻ കാലാവസ്ഥാഭീഷണി. സന്പദ്സമൃദ്ധമായ പ്രമുഖ അമേരിക്കൻ നഗരങ്ങൾ മരുഭൂമിയായി മാറുമെന്നാണ് ശാസ്ത്രലോകത്തിന്‍റെ ഏറ്റവും പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയുടെ ഭൂപടത്തെ എങ്ങനെ മാറ്റിമറിക്കും എന്നതിന്‍റെ ഭീതിജനകമായ ചിത്രമാണ് ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്. അടുത്ത 50 വർഷത്തിനുള്ളിൽ അമേരിക്കയിലെ പത്തു പ്രമുഖ നഗരങ്ങൾ പൂർണമായും മരുഭൂമികളായി മാറാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകത്തിന്‍റെ മുന്നറിയിപ്പ്.

ബേക്കേഴ്സ്ഫീൽഡ്, റെനോ, ലാൻകാസ്റ്റർ, കെന്നവിക്, പാസ്കോ, പ്യൂബ്ലോ, സ്പാർക്സ്, റിയോ റാഞ്ചോ, ഗ്രാൻഡ് ജംഗ്‌ഷൻ, റിച്ച്ലാൻഡ് എന്നീ നഗരങ്ങളാണ് വരും വർഷങ്ങളിൽ മരുഭൂമിയായിത്തീരുക. ഭൂമിയിലെ അന്തരീക്ഷ വ്യതിയാനങ്ങളെക്കുറിച്ചും മഴലഭ്യതയിലുണ്ടാകുന്ന വൻ കുറവിനെക്കുറിച്ചും ഗവേഷകർ നടത്തിയ പഠനത്തിലാണ് വികസിത രാജ്യങ്ങളിലെ വലിയ നഗരങ്ങളെ കാത്തിരിക്കുന്ന ഈ മഹാ‌ദുരന്തം പ്രവചിക്കുന്നത്. നിലവിൽ പച്ചപ്പുള്ളതോ അല്ലെങ്കിൽ കൃഷിയോഗ്യമായതോ ആയ പ്രദേശങ്ങൾ വരൾച്ചയുടെ പിടിയിലകപ്പെട്ട് മരുഭൂമീകരണത്തിന് ഇരയാകും. വാതകങ്ങളുടെ പുറന്തള്ളൽ ഇതേപടി തുടർന്നാൽ, താപനില ക്രമാതീതമായി ഉയരുകയും ഈ നഗരങ്ങളിലെ ജലസ്രോതസുകൾ പൂർണമായി വറ്റിവരളുകയും ചെയ്യും.

കാർഷിക മേഖലയ്ക്ക് പേരുകേട്ട കാലിഫോർണിയയിലെ ബേക്കേഴ്സ്ഫീൽഡ് കടുത്ത ജലക്ഷാമത്തിലേക്കും വന്ധ്യമായ മണ്ണിലേക്കും നീങ്ങുകയാണ്. അന്പതു വർഷത്തിനകം ഇവിടുത്തെ കാലാവസ്ഥ പൂർണമായും സഹാറ മരുഭൂമിക്ക് സമാനമായ വരണ്ട അവസ്ഥയിലേക്ക് മാറിയേക്കാം. വിനോദസഞ്ചാരത്തിനും വ്യവസായങ്ങൾക്കും പേരുകേട്ട റെനോ നഗരവും അതിവേഗം വരൾച്ചയുടെ പിടിയിലാവുകയാണ്. ഭൂഗർഭ ജലത്തിന്‍റെ അളവ് താഴുന്നതും മഴയുടെ അഭാവവും ഈ നഗരത്തിന്‍റെ പച്ചപ്പ്‌ പൂർണമായി ഇല്ലാതാക്കും.

ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ മൂന്ന് പ്രധാന കാരണങ്ങളാണ് ഈ നഗരങ്ങളെ മരുഭൂമിയാക്കാൻ പോകുന്നത്. താപനില ഉയരുമ്പോൾ മണ്ണിലെയും ജലാശയങ്ങളിലെയും ഈർപ്പം അതിവേഗം വായുവിൽ ലയിക്കുന്ന 'വർധിച്ച ബാഷ്പീകരണം' ആണ് ഇതിൽ ആദ്യത്തേത്. ഇത് മണ്ണ് വരണ്ടുണങ്ങാൻ കാരണമാകുന്നു. ആഗോളതാപനം കാരണം പസഫിക് സമുദ്രത്തിൽ നിന്നെത്തുന്ന കാറ്റിന്‍റെ ഗതി മാറുകയും ഈ നഗരങ്ങളിൽ ലഭിക്കേണ്ട മഴ മറ്റ് പ്രദേശങ്ങളിലേക്കു മാറുകയും ചെയ്യുന്നത് രണ്ടാമത്തെ കാരണമാണ്. കോൺക്രീറ്റ് കെട്ടിടങ്ങളും റോഡുകളും ചൂടിനെ കൂടുതൽ ആഗിരണം ചെയ്ത് നിലനിർത്തുന്നത് വഴി നഗരങ്ങളിലെ താപനില ഗ്രാമീണ മേഖലകളേക്കാൾ വർധിക്കുന്നതാണ് മൂന്നാമത്തെ കാരണം.

ഈ പഠനം അമേരിക്കയിലെ നഗരങ്ങളെ കേന്ദ്രീകരിച്ചുള്ളതാണെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾക്കും ഇതൊരു കനത്ത മുന്നറിയിപ്പാണ് നൽകുന്നത്. സമാനമായ രീതിയിൽ ഭൂഗർഭജലം ചൂഷണം ചെയ്യപ്പെടുകയും താപനില ഉയരുകയും ചെയ്താൽ ലോകമെമ്പാടുമുള്ള പല ജനവാസ മേഖലകളും വരും ദശകങ്ങളിൽ മനുഷ്യർക്ക് ജീവിക്കാൻ കഴിയാത്ത വിധം മരുഭൂമികളായി മാറും. ഇപ്പോഴെങ്കിലും കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും പരിസ്ഥിതി സൗഹൃദപരമായ നഗരാസൂത്രണം നടപ്പിലാക്കാനും ലോകരാഷ്ട്രങ്ങൾ തയാറായില്ലെങ്കിൽ വരും തലമുറയ്ക്ക് ഭൂപടത്തിൽ പല നഗരങ്ങളും നഷ്ടപ്പെടുമെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed