ഭൂമിയുടെ അയൽവാസിയായ സൂപ്പർ എർത്തിനെ കണ്ടെത്തി ശാസ്ത്രലോകം
ഷീബ വിജയൻ
ന്യൂയോർക്ക്: പ്രപഞ്ചത്തിൽ എവിടെയെങ്കിലും ഭൂമിക്ക് പുറമെ ജീവന്റെ സാന്നിധ്യമുണ്ടോ എന്ന നൂറ്റാണ്ടുകളായുള്ള അന്വേഷണത്തിൽ നിർണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. ഭൂമിയിൽ നിന്ന് വെറും 25 പ്രകാശവർഷം മാത്രം അകലെ ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള ഒരു പുതിയ ഗ്രഹം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. 'ജിജെ 3378ബി' (GJ 3378b) എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹം ഭൂമിയേക്കാൾ ഇരട്ടി വലിപ്പമുള്ള ഒരു 'സൂപ്പർ-എർത്ത്' (Super-Earth) ആണെന്ന് ജ്യോതിശാസ്ത്രജ്ഞർ വെളിപ്പെടുത്തി. ലക്ഷം പ്രകാശവർഷം വീതിയുള്ള ക്ഷീരപഥവുമായി താരതമ്യം ചെയ്യുമ്പോൾ 25 പ്രകാശവർഷം എന്നത് വളരെ അടുത്തായതിനാൽ ഇതിനെ ഭൂമിയുടെ 'അയൽവാസി' എന്ന് വിശേഷിപ്പിക്കാമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പോൾ റോബർട്ട്സൺ ദി ആസ്ട്രോഫിസിക്കൽ ജേണലിൽ എഴുതിയ പഠനത്തിൽ വ്യക്തമാക്കുന്നു.
ഒരു ചുവന്ന കുള്ളൻ നക്ഷത്രത്തിന്റെ 'ഗോൾഡിലോക്സ് സോണിൽ' (Habitable Zone) ആണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്. നക്ഷത്രത്തിൽ നിന്ന് ഒരുപാട് അകലെയോ അടുത്തോ അല്ലാത്ത ഈ മേഖലയിലാണ് ജലം ദ്രാവകാവസ്ഥയിൽ കാണപ്പെടാൻ സാധ്യതയുള്ളത്. ഭൂമിക്ക് സൂര്യനിൽ നിന്ന് ലഭിക്കുന്ന വികിരണങ്ങളുടെ തൊണ്ണൂറ് ശതമാനത്തോളം ഈ പുതിയ ഗ്രഹത്തിനും ലഭിക്കുന്നുണ്ട്. എന്നാൽ ഈ ഗ്രഹത്തിന് സ്വന്തമായി അന്തരീക്ഷമുണ്ടോ എന്നതാണ് ശാസ്ത്രജ്ഞർക്ക് മുന്നിലുള്ള പ്രധാന ചോദ്യം. ജീവന്റെ നിലനിൽപ്പിനും മാരകമായ പ്രപഞ്ച വികിരണങ്ങളിൽ നിന്ന് രക്ഷ നേടാനും അന്തരീക്ഷം അത്യന്താപേക്ഷിതമാണ്. ഗ്രഹത്തിന്റെ ഗുരുത്വാകർഷണത്തിന് അതിന്റെ നക്ഷത്രത്തിൽ നിന്നുള്ള കടുത്ത വികിരണങ്ങളെ പ്രതിരോധിച്ച് അന്തരീക്ഷത്തെ നിലനിർത്താൻ കഴിയുമോ എന്ന് നിർണയിക്കുന്ന 'കോസ്മിക് ഷോർലൈൻ' എന്ന അതിർവരമ്പിലാണ് ജിജെ 3378ബി നിൽക്കുന്നത്.
ഭൂമിയെ ഒരു ആപ്പിളിന്റെ വലിപ്പത്തിലേക്ക് ചുരുക്കിയാൽ അതിന്റെ അന്തരീക്ഷത്തിന് ആപ്പിളിന്റെ തൊലിയുടെ അത്രയും കനമേ കാണൂ എങ്കിലും ജലം നിലനിർത്താനും ശ്വസിക്കാനും വികിരണങ്ങളെ തടയാനും ആ കനം മതിയെന്ന് പോൾ റോബർട്ട്സൺ ചൂണ്ടിക്കാണിക്കുന്നു. കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് അന്തരീക്ഷവും ജലവുമുണ്ടായിരുന്ന ചൊവ്വയിൽ സൗരക്കാറ്റുകൾ കാരണം അന്തരീക്ഷം നഷ്ടപ്പെട്ട് മരുഭൂമിയായി മാറിയത് നമുക്ക് മുന്നിലുള്ള മുന്നറിയിപ്പാണ്. ടെക്സാസിലെ മക്ഡൊണാൾഡ് ഒബ്സർവേറ്ററിയിലെ ഹബിറ്റബിൾ-സോൺ പ്ലാനറ്റ് ഫൈൻഡർ, അരിസോണയിലെ ഡബ്ല്യുഐവൈഎൻ ടെലിസ്കോപ്പിലെ NEID സ്പെക്‌ട്രോമീറ്റർ എന്നിവ ഉപയോഗിച്ചാണ് ഈ കണ്ടെത്തൽ നടത്തിയത്. ജിജെ 3378ബിയിൽ അന്തരീക്ഷമുണ്ടെന്ന് ഉറപ്പുവരുത്താൻ കൂടുതൽ ശക്തമായ ദൂരദർശിനികൾ ആവശ്യമാണ്. അന്തരീക്ഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയാൽ അവിടെ ബയോസിഗ്നേച്ചറുകളും ജലവും തിരയുന്ന അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്ന് കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകനായ ഗോഗോട് ജെയിംസ് പ്രത്യാശ പ്രകടിപ്പിച്ചു. പ്രപഞ്ചത്തിൽ മനുഷ്യൻ ഒറ്റയ്ക്കല്ലെന്ന കണ്ടെത്തലിലേക്കുള്ള ആദ്യ ചുവടുവെപ്പായിരിക്കാം ഇത്.
sddsfdfs

