ഷൂട്ടിങ്ങിനിടെ പ്രാണിയുടെ കടിയേറ്റു: നടൻ രാജേഷ് ശർമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ


ഷീബ വിജയൻ

കൊൽക്കത്ത: പ്രശസ്ത നടൻ രാജേഷ് ശർമ്മയെ ഷൂട്ടിങ്ങിനിടയിൽ പ്രാണിയുടെ കടിയേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പശ്ചിമ ബംഗാളിലെ ധക്കൂരിയയിലുള്ള ആശുപത്രിയിലാണ് താരം ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. സൂപ്പർ താരം പ്രഭാസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് രാജേഷ് ശർമ്മയ്ക്ക് പ്രാണിയുടെ കടിയേൽക്കുന്നത്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലായിരുന്നു സിനിമയുടെ ഷൂട്ടിങ് നടന്നിരുന്നത്.

ഷൂട്ടിങ് പാക്കപ്പായതിന് ശേഷം കാടുപിടിച്ച ഒരു ഭാഗത്ത് പ്രാദേശിക സാങ്കേതികപ്രവർത്തകരുമായി സംസാരിച്ചു നിൽക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് കടിയേറ്റത്. എന്നാൽ രാജേഷ് ശർമ്മ ഇത് കാര്യമാക്കുകയോ പ്രാഥമിക ചികിത്സ തേടുകയോ ചെയ്തില്ല. അദ്ദേഹത്തെ കടിച്ചത് ഏത് ജീവിയാണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. കടിയേറ്റ് ആറ് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വലതുകാലിന് കഠിനമായ വേദന അനുഭവപ്പെട്ടു തുടങ്ങി. ആരോഗ്യാവസ്ഥ മോശമായിട്ടും അദ്ദേഹം കൊൽക്കത്തയിലേക്ക് മടങ്ങാനായി വിമാനം കയറുകയായിരുന്നു. യാത്രയ്ക്കിടയിൽ കടുത്ത പനിയും അനുഭവപ്പെട്ടു. പിറ്റേദിവസം സ്ഥിതി കൂടുതൽ വഷളായതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു ദിവസം പിന്നിട്ടിട്ടും പനി കുറഞ്ഞിട്ടില്ലെന്നും ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. വലതുകാലിൽ കടിയേറ്റ ഭാഗത്ത് കഠിനമായ ഇൻഫെക്ഷൻ ഉണ്ട്. കാൽവിരലിൽ നിന്ന് തുടങ്ങിയ ഇൻഫെക്ഷൻ കാൽമുട്ടിലേക്ക് വ്യാപിച്ചതായാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. താരം ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്നും സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. കാലിലെ രക്തം കട്ടപിടിക്കുകയും അത് ശ്വാസകോശത്തിലേക്ക് നീങ്ങുകയും ചെയ്താൽ ജീവന് തന്നെ അപകടമാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ അവിജിത് ഭട്ടാചാര്യ പറഞ്ഞു. അതിനിടെ, സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണമെന്ന് ഓൾ ഇന്ത്യ സിനിമ വർക്കേഴ്സ് അസോസിയേഷൻ (AICWA) ആവശ്യപ്പെട്ടു. ഷൂട്ടിങ് സെറ്റിൽ ആരോഗ്യം മോശമായിട്ടും എന്തുകൊണ്ട് ഹൈദരാബാദിലെ ആശുപത്രിയിൽ എത്തിച്ചില്ലെന്നും സെറ്റിൽ അടിയന്തര വൈദ്യസഹായ പ്രോട്ടോക്കോളുകൾ പാലിച്ചിരുന്നോ എന്നും അന്വേഷിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

article-image

dfsadfsdsaads

You might also like

  • Lulu Exchange
  • Straight Forward

Most Viewed