ദക്ഷിണേന്ത്യൻ ഡി.ജി.പിമാർ കേരളത്തിലേക്ക്; ‘ഓപ്പറേഷൻ തൂഫാന്’ കരുത്തേകാൻ സംയുക്ത നീക്കം
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെയുള്ള പോരാട്ടമായ ‘ഓപറേഷൻ തൂഫാൻ’ ശക്തമായി മുന്നോട്ട് പോകുന്നതിനിടയിൽ, അയൽ സംസ്ഥാനങ്ങളിലെ പോലീസ് മേധാവികളുടെ അടിയന്തര യോഗം വിളിച്ച് കേരളം. ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഡി.ജി.പിമാർ പങ്കെടുക്കുന്ന നിർണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് നടക്കും. മയക്കുമരുന്നിന്റെ ഉൽപാദനം, അന്തർസംസ്ഥാന വിതരണം, വിപണനം എന്നിവ പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെയുള്ള സംയുക്ത നീക്കത്തിന്റെ ഭാഗമായാണ് കേരള പോലീസ് ഈ യോഗം സംഘടിപ്പിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസ് മേധാവികൾ യോഗത്തിൽ പങ്കെടുക്കാമെന്ന് ഇതിനകം സമ്മതം അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ ‘ഓപറേഷൻ തൂഫാന്’ പൂർണ്ണ പിന്തുണ നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കിയിട്ടുണ്ട്. കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കർണാടക മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ പിന്തുണ പ്രഖ്യാപനം ഉണ്ടായത്. കേരള-കർണാടക അതിർത്തികളിൽ ലഹരി കടത്ത് തടയാൻ ശക്തമായ സംയുക്ത പരിശോധന നടത്തുമെന്ന് ബംഗളൂരു വിധാൻ സൗധയിൽ വെച്ചു നടന്ന കൂടിക്കാഴ്ചയിൽ ശിവകുമാർ ഉറപ്പ് നൽകി. ഓപറേഷൻ തൂഫാന്റെ ഭാഗമായി കർണാടകയിലും പരിശോധനകൾ ശക്തമാക്കുമെന്നും ഇരു സംസ്ഥാനങ്ങളിലെയും പോലീസ് സേനകൾ തമ്മിൽ മികച്ച ഏകോപനവും സഹകരണവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്ന ഒന്നാണ് കേരളത്തിന്റെ ഈ ദൗത്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, സംസ്ഥാനത്ത് ലഹരിവിരുദ്ധ വേട്ടയുടെ ഭാഗമായി പ്രഖ്യാപിച്ച ‘ഓപറേഷൻ തൂഫാൻ’ വഴി വലിയ മുന്നേറ്റമാണ് പോലീസ് നടത്തുന്നത്. കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നതിന് പിന്നിൽ വിദേശത്തിരുന്ന് പ്രവർത്തിക്കുന്ന മലയാളി സംഘങ്ങളെ കേരള പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ വിദേശത്തുള്ള മൂന്ന് മലയാളികളെയും അവരുടെ ഒളിത്താവളങ്ങളെയും പോലീസ് തിരിച്ചറിഞ്ഞു കഴിഞ്ഞു. തായ്‌ലൻഡ്, കംബോഡിയ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കടത്ത് നിയന്ത്രിച്ചിരുന്ന മലയാളികൾ ഇപ്പോൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇതിനുപുറമെ ഗൾഫ് രാജ്യങ്ങളിൽ ഇരുന്ന് ലഹരി ശൃംഖലകൾക്ക് നേതൃത്വം നൽകുന്ന രണ്ട് മലയാളികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ എത്രയും വേഗം പിടികൂടി ഇന്ത്യയിൽ എത്തിക്കാനും ഇവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനുമുള്ള ആസൂത്രിത ശ്രമത്തിലാണ് കേരള പോലീസ്.
fttyhyhtr

