തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളജിന് കെ. കരുണാകരന്റെ പേര് നൽകും
ഷീബ വിജയൻ
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ രണ്ടാമത്തെ മെഡിക്കൽ കോളജിന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ പേര് നൽകാൻ തീരുമാനിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. നേരത്തെ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ജെ.പി. നദ്ദയുമായി സംസ്ഥാന ആരോഗ്യ മന്ത്രി കെ. മുരളീധരൻ നടത്തിയ പ്രത്യേക ഓൺലൈൻ യോഗത്തിലാണ് തലസ്ഥാനത്ത് രണ്ടാമതൊരു മെഡിക്കൽ കോളജ് വേണമെന്ന ആവശ്യം ഔദ്യോഗികമായി ഉന്നയിച്ചത്. തുടർന്ന് പദ്ധതിക്ക് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അധ്യയന വർഷം തന്നെ വിദ്യാർത്ഥി പ്രവേശനത്തിനുള്ള അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ തുടർച്ചയായി, നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതിക്കായി എസൻഷ്യൽറ്റി സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് ഓഫ് അണ്ടർ ടേക്കിങ് എന്നിവ ലഭ്യമാക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു. ഈ സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കുമ്പോൾ സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കോളജിന് കെ. കരുണാകരൻ മെഡിക്കൽ കോളജ് എന്ന് പേരിട്ട് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്. മുൻപ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വി.എസ്. ശിവകുമാർ ആരോഗ്യ മന്ത്രിയായിരിക്കെയാണ് നിലവിലുള്ള ജനറൽ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവ യോജിപ്പിച്ച് തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളജ് പ്രഖ്യാപിച്ചത്.
നിലവിലുള്ള തിരുവനന്തപുരം ജനറൽ ആശുപത്രിയെ 100 എം.ബി.ബി.എസ് സീറ്റുകളുള്ള അത്യാധുനിക മെഡിക്കൽ കോളജായി ഉയർത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരും നിലവിൽ സജ്ജമാണ്. അതിനാൽ പുതിയ മെഡിക്കൽ കോളജിന്റെ വികസന പ്രവർത്തനങ്ങൾക്കായി മുൻപ് നിശ്ചയിച്ചിട്ടുള്ള 150 കോടി രൂപയുടെ കേന്ദ്രസഹായം ഉടൻ അനുവദിക്കണമെന്നും മുരളീധരൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മെഡിക്കൽ കോളജ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും രാജ്യത്തുടനീളം പുതുതായി 10,000 മെഡിക്കൽ സീറ്റുകൾ സജ്ജമാക്കാൻ 15,000 കോടി രൂപ കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ജെ.പി. നദ്ദ വ്യക്തമാക്കി. കേരളത്തിന് ആവശ്യമായ അനുമതി സമയബന്ധിതമായി ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസിനായി (AIIMS) സംസ്ഥാനത്ത് അനുയോജ്യമായ 10 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും കേന്ദ്ര സംഘം സാധ്യതാപഠനം നടത്തി ഇതിനുള്ള അനുമതി ലഭ്യമാക്കണമെന്ന ആവശ്യവും മന്ത്രി മുന്നോട്ടുവെച്ചു. എയിംസ് കേരളത്തിന്റെ ന്യായമായ ആവശ്യമാണെന്ന് സമ്മതിച്ച കേന്ദ്രമന്ത്രി, ഭരണപരമായ നടപടികൾ പൂർത്തിയാക്കി അത് യാഥാർത്ഥ്യമാക്കുമെന്ന് അറിയിച്ചു. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം ഇടുക്കി, മഞ്ചേരി, വയനാട് മെഡിക്കൽ കോളജുകളിൽ പുതിയ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കുകൾ സ്ഥാപിക്കുന്നതിനും ഹരിപ്പാടും കൽപ്പറ്റയിലും പുതിയ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികൾ യാഥാർത്ഥ്യമാക്കുന്നതിനും കേന്ദ്രസഹായം തേടിയിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും അത്യാധുനിക ട്രോമ കെയർ, ബേൺസ് യൂണിറ്റുകൾ എന്നിവ സ്ഥാപിക്കുന്നതിനും വയനാട്, ഇടുക്കി, കാസർകോട് മെഡിക്കൽ കോളജുകളുടെ വികസനത്തിനും തുക അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
adsadfsdfsa

