വെനസ്വേലൻ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കാണാനാകുമെന്ന് വീണ്ടും അമേരിക്ക
വാഷിംഗ്ടൺ : ഭരണഘടനാ അസംബ്ലി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെനസ്വേലയിൽ പ്രതിസന്ധി രൂക്ഷമായതതിനെ തുടർന്ന് അഭിപ്രായ പ്രകടനവുമായി വീണ്ടും അമേരിക്ക. അമേരിക്കയുടെ സഹകരണത്തോടെ വെനസ്വേലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുമെന്ന് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചതായി വൈസ് പ്രസിഡണ്ട് മൈക്ക് പെൻസ് പറഞ്ഞു. സമാധാനപരമായ പരിഹാരങ്ങൾക്ക് മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണെന്നും പെൻസ് വ്യക്തമാക്കി.
കൊളംബിയൻ പ്രസിഡണ്ട് ജുവാൻ മാനുവൽ സാന്‍റോസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വെനസ്വേലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളിൽ ഇടപെടാൻ തങ്ങൾക്കാകുമെന്നും സൈനിക നടപടിക്കു പോലും മടിയില്ലെന്നുമുള്ള പ്രസിഡണ്ട് ഡോണാൾഡ് ട്രംപിന്‍റെ വാക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ വൻ പ്രതിഷേധം ഏറ്റുവാങ്ങിയിരുന്നു. ലോകനേതാക്കൾ ട്രംപിന്‍റെ പ്രസ്താവനകൾക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
ഇതിനിടെയാണ് വിഷയത്തിൽ ഇടപെടാനുള്ള നീക്കം അവസാനിപ്പിച്ചിട്ടില്ലെന്ന സൂചന നൽകിക്കൊണ്ട് പെൻസ് പ്രസ്താവന നടത്തിയിരിക്കുന്നത്.

