പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ വെടിവെപ്പ്: 24 മണിക്കൂറിനിടെ 20 മരണം
ശാരിക
മുസഫറാബാദ്: പാക് അധീന കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത പ്രതിഷേധക്കാർക്ക് നേരെ പാകിസ്താൻ സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20 പേർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ 50-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജൂൺ 5-ന് പ്രതിഷേധം ആരംഭിച്ചത് മുതൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി ഉയർന്നതായാണ് റിപ്പോർട്ടുകൾ. റാവലകോട്ടിലെ ഡ്രീക്ക് എയ്ത്ത് മേഖലയിലാണ് പ്രതിഷേധക്കാരെ ലക്ഷ്യം വെച്ച് പാക് സേന ആക്രമണം നടത്തിയത്. തെരുവിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മേഖലയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി ആഹ്വാനം ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിൽ ജെഎസി വക്താവ് ഉമർ നസീർ കാശ്മീരിയുടെ സഹോദരൻ ഉസ്മാൻ നസീറും ഉൾപ്പെടുന്നു. പ്രക്ഷോഭം അടിച്ചമർത്താനായി 14,000-ത്തിലധികം സായുധ സുരക്ഷാ ഉദ്യോഗസ്ഥരെ പാകിസ്താൻ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധക്കാർക്കെതിരെ പാക് സേന സ്നൈപ്പർമാരെ ഉപയോഗിച്ച് വെടിവെച്ചതായും, ദീർഘദൂര കണ്ണീർ വാതക ഷെല്ലുകൾ ഉപയോഗിക്കുന്നതായും ആരോപണമുണ്ട്.
കടുത്ത നടപടികളുടെ ഭാഗമായി മേഖലയിൽ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ നിരോധിച്ചു. കൂടാതെ പലയിടങ്ങളിലും വൈദ്യുതി, ജല വിതരണം എന്നിവയും അധികൃതർ വിച്ഛേദിച്ചിരിക്കുകയാണ്. ആകെ 53 സീറ്റുകളുള്ള നിയമസഭയിൽ 45 സീറ്റുകളിലേക്കാണ് നേരിട്ടുള്ള വോട്ടെടുപ്പ് നടക്കുന്നത്. ജൂലൈ 27-ന് ആദ്യഘട്ടം കഴിഞ്ഞു. ഓഗസ്റ്റ് 2, ഓഗസ്റ്റ് 10 തീയതികളിലായി അടുത്ത ഘട്ടങ്ങൾ നടക്കും.
റാവലകോട്ട് മൃതദേഹങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്, അന്താരാഷ്ട്ര മാധ്യമങ്ങൾ ദയവായി ഞങ്ങളെ സഹായിക്കണം എന്ന് ഒരു പ്രാദേശിക സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വീഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു. വിയോജിപ്പുകളെ നിശബ്ദമാക്കാൻ സുരക്ഷാ സേനയ്ക്ക് വെടിയുതിർക്കാൻ ഉത്തരവ് നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ മാസം പ്രാദേശിക ഭരണകൂടത്തിനെതിരെ ആരംഭിച്ച പ്രതിഷേധങ്ങൾ പിന്നീട് പാക് സർക്കാരിനെതിരെയും സൈനിക മേധാവിക്കെതിരെയുമായി വളരുകയായിരുന്നു. ആഴ്ചകളായി തുടരുന്ന സംഘർഷങ്ങളിൽ നിരവധി തവണ സുരക്ഷാ സേന പ്രക്ഷോഭകർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. ജനകീയ പ്രക്ഷോഭം ബലപ്രയോഗിച്ച് അടിച്ചമർത്താനുള്ള നീക്കങ്ങളെ ഇന്ത്യ അപലപിച്ചിരുന്നു.
dsfsdf

