ലോകയാഥാർത്ഥ്യങ്ങൾ മാർപ്പാപ്പ മനസ്സിലാക്കണം: ഡൊണാൾഡ് ട്രംപ്
ശാരിക l അന്തർദേശീയം
വാഷിംഗ്ടൺ: ലോകകാര്യങ്ങളിൽ മാർപ്പാപ്പയ്ക്ക് തൻ്റെ അഭിപ്രായങ്ങൾ പറയാമെന്നും എന്നാൽ ഈ ലോകം എത്രത്തോളം മോശമാണെന്ന യാഥാർത്ഥ്യം അദ്ദേഹം മനസ്സിലാക്കേണ്ടതുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ വിഷയം മുതൽ കുടിയേറ്റം വരെയുള്ള കാര്യങ്ങളിൽ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ലിയോ പതിനാലാമൻ മാർപ്പാപ്പയെ ട്രംപ് രൂക്ഷമായി വിമർശിച്ചതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവരും തമ്മിൽ വാക്പോര് നിലനിൽക്കുകയാണ്. യുദ്ധങ്ങൾക്കെതിരെ സംസാരിക്കുക എന്നത് തന്റെ ധാർമ്മികമായ കടമയാണെന്ന് മാർപ്പാപ്പ പ്രതികരിച്ചിരുന്നു. ഇറാനിലെ സാംസ്കാരിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പടിഞ്ഞാറൻ മേഖലയിലേക്കുള്ള യാത്രയ്ക്ക് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഇറാൻ 42,000-ത്തിലധികം ആളുകളെ കൊന്നൊടുക്കിയത് മാർപ്പാപ്പ മനസ്സിലാക്കണമെന്ന് ട്രംപ് പറഞ്ഞു. അവർ ആയുധമില്ലാത്ത പ്രതിഷേധക്കാരായിരുന്നുവെന്നും ഈ ലോകം അത്ര നല്ലതല്ലെന്ന യാഥാർത്ഥ്യം മാർപ്പാപ്പ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസങ്ങളിൽ മാർപ്പാപ്പ ദുർബലനാണെന്നും തെറ്റായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ട്രംപ് ആക്ഷേപിച്ചിരുന്നു. എന്നാൽ താൻ മാർപ്പാപ്പയുമായി യുദ്ധത്തിനില്ലെന്നും അദ്ദേഹത്തോട് വ്യക്തിപരമായി വിരോധമൊന്നുമില്ലെന്നും ട്രംപ് വ്യക്തമാക്കി.
sdfsf



