വ്യാപാര യുദ്ധം മുറുകുന്നു; സുപ്രീം കോടതിയെ വെല്ലുവിളിച്ച് ട്രംപിന്റെ പുതിയ നികുതി പ്രഖ്യാപനം
ശാരിക l വിദേശകാര്യം
വാഷിംഗ്ടൺ ഡിസി: തന്‍റെ സർക്കാർ വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തിയ ഇറക്കുമതി തീരുവ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കു പിന്നാലെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് 15 ശതമാനം ആഗോള തീരുവ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കോടതിവിധി പുറത്തുവന്ന് മണിക്കൂറുകൾക്കകം ട്രംപ് പത്തു ശതമാനം ആഗോള തീരുവ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്നലെ രാവിലെയാണ് എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ഇറക്കുമതിക്കുമേലുള്ള തീരുവ തത്കാലത്തേക്ക് 15 ശതമാനമാക്കി ഉയർത്തുകയാണെന്നു ട്രംപ് തന്‍റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. ‘‘ഇന്നലെ യുഎസ് സുപ്രീംകോടതി പുറപ്പെടുവിച്ച പരിഹാസ്യവും മോശമായി എഴുതപ്പെട്ടതും അങ്ങേയറ്റം വിരുദ്ധവുമായ വിധി വിശദമായി പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഒരു കാര്യം അറിയിക്കുന്നു. പതിറ്റാണ്ടുകളായി അമേരിക്കയെ ചൂഷണം ചെയ്യുന്ന രാജ്യങ്ങൾക്കുമേൽ ചുമത്തിയിരുന്ന പത്തു ശതമാനം തീരുവ, നിയമപരമായി അനുവദിക്കപ്പെട്ട പരമാവധി പരിധിയായ 15 ശതമാനത്തിലേക്ക് ഞാൻ ഉയർത്തുകയാണ്. ഇത് ഉടനടി പ്രാബല്യത്തിൽ വരും’’ ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ നിയമപരമായി അനുവദനീയമായ പുതിയ നികുതിനിരക്കുകൾ നിശ്ചയിച്ച് പുറപ്പെടുവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസ് താത്പര്യം അടിയറവ് വയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഇറക്കുമതി തീരുവ റദ്ദാക്കിയ സുപ്രീംകോടതിക്കെതിരേ നിശിത വിമർശനമാണു ട്രംപ് നടത്തിയത്. “സുപ്രീംകോടതിയിലെ ചില ജഡ്ജിമാരെ ഓർത്ത് ഞാൻ ലജ്ജിക്കുന്നു. ജഡ്ജിമാർ വിഡ്ഢികളാണ്. ചില വിദേശരാജ്യങ്ങളുടെ താത്പര്യത്തിനായി പ്രവർത്തിക്കുന്നവരാണ്. സുപ്രീംകോടതി വിധി അങ്ങേയറ്റം നിരാശാജനകമാണ്. എന്നാൽ ഇതു കാര്യമാക്കുന്നില്ല. ഞങ്ങൾക്കു ശക്തമായ ബദൽ മാർഗങ്ങളുണ്ട്” -ട്രംപ് പറഞ്ഞു.
ആറു ജഡ്ജിമാരാണ് ട്രംപിനെതിരേ വിധി പ്രഖ്യാപിച്ചത്. മൂന്നുപേർ ട്രംപിനെ അനുകൂലിച്ചു. ട്രംപ് നിയമിച്ച രണ്ടു ജഡ്ജിമാരും എതിരായി വിധി പ്രഖ്യാപിച്ചുവെന്നതാണു ശ്രദ്ധേയം. യുഎസിലെ കന്പനികളും ബിസിനസ് കൂട്ടായ്മകളും ഏതാനും സംസ്ഥാനങ്ങളുമാണ് ട്രംപിനെതിരേ സുപ്രീംകോടതിയെ സമീപിച്ചത്.
പുതിയ തീരുവ ചൊവ്വാഴ്ച പ്രാബല്യത്തിലാകും. 1974ലെ ട്രേഡ് ആക്‌ട് സെക്‌ഷൻ 122 പ്രകാരമാണ് എല്ലാ രാജ്യങ്ങൾക്കും 15 ശതമാനം തീരുവ ചുമത്തുന്ന പുതിയ ഉത്തരവിറക്കിയത്. ഈ വകുപ്പുപ്രകാരം മറ്റു രാജ്യങ്ങൾക്കുമേൽ 15 ശതമാനം വരെ തീരുവ ചുമത്താൻ യുഎസ് പ്രസിഡന്‍റിന് അധികാരമുണ്ട്. ഏതു രാജ്യവുമായുള്ള വ്യാപാരബന്ധവും പൂർണമായും വിച്ഛേദിക്കാനും ഉപരോധം ഏർപ്പെടുത്താനും തനിക്ക് അധികാരമുണ്ടെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ഇന്ത്യയുടെ തീരുവ 18 ശതമാനത്തിൽനിന്ന് പത്തു ശതമാനമാകുമെന്നാണു സൂചന.
അതേസമയം ഇറക്കുമതി തീരുവ റദ്ദാക്കിയ യുഎസ് സുപ്രീംകോടതി വിധിയുടെയും ആഗോള തീരുവ 15 ശതമാനമാക്കിയ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനത്തിന്‍റെയും പ്രത്യാഘാതങ്ങൾ പരിശോധിച്ചുവരികയാണെന്ന് കേന്ദ്രസർക്കാർ. “തീരുവ സംബന്ധിച്ച യുഎസ് സുപ്രീംകോടതി വിധി ശ്രദ്ധിച്ചു. ഇതുസംബന്ധിച്ച കാര്യങ്ങൾ പഠിച്ചുവരികയാണ്” -കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. യുഎസ് സുപ്രീംകോടതി വിധി സംബന്ധിച്ച് പഠിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു.
sdfsfd


