എയർ ഏഷ്യ എക്സ് സർവീസ് പ്രഖ്യാപിച്ചതിന് പിന്നാലെ വിറ്റഴിഞ്ഞത് 25,000 ടിക്കറ്റുകൾ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: തെക്കുകിഴക്കൻ ഏഷ്യയ്ക്ക് പുറത്തുള്ള തങ്ങളുടെ ആദ്യത്തെ തന്ത്രപ്രധാനമായ ആഗോള ഹബ്ബായി ബഹ്റൈനെ ഔദ്യോഗികമായി തിരഞ്ഞെടുത്ത പ്രമുഖ വിമാനക്കമ്പനിയായ എയർ ഏഷ്യ എക്സ് (AAX) പുതിയ സർവീസ് പ്രഖ്യാപിച്ച് വെറും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ 25,000 ടിക്കറ്റുകൾ വിറ്റഴിച്ചുവെന്ന് റിപ്പോർട്ട്. വരാനിരിക്കുന്ന ജൂൺ 26 മുതൽക്കാണ് ക്വാലാലംപൂർ - ബഹ്റൈൻ - ലണ്ടൻ ഗാറ്റ്വിക് റൂട്ടിൽ വിമാനങ്ങൾ സർവീസ് ആരംഭിക്കുന്നത്.
കാപ്പിറ്റൽ എ (Capital A) സിഇഒയും എഎഎക്സ് ഉപദേശകനുമായ ടോണി ഫെർണാണ്ടസ് തന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിലൂടെയാണ് ഈ നേട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. ടിക്കറ്റ് വിൽപ്പനയിലെ ഈ അസാധാരണ മുന്നേറ്റത്തെ ഒരു 'ബ്ലൂ ഓഷ്യൻ ഷിഫ്റ്റ്' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പത്ത് ബില്യൺ ഡോളറിന്റെ വൻകിട നിക്ഷേപം വിഭാവനം ചെയ്യുന്ന ഈ പദ്ധതിയിലൂടെ അടുത്ത പത്ത് വർഷത്തിനുള്ളിൽ ഏകദേശം ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കണക്കാക്കുന്നു.
പത്ത് വർഷത്തിനുള്ളിൽ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ട് വഴി 100 ദശലക്ഷം യാത്രക്കാരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി മുന്നോട്ട് പോകുന്നത്. ഇതിലൂടെ ബഹ്റൈനെ ലോകത്തെ തന്നെ ഏറ്റവും മികച്ച 'ലോ-കോസ്റ്റ് ഹബ്ബാക്കി' മാറ്റാനാണ് എയർ ഏഷ്യ എക്സ് പദ്ധതിയിടുന്നത്. ഏഷ്യയെ യൂറോപ്പ്, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഒരു പാലമായി ബഹ്റൈൻ മാറുന്നതോടെ ആഗോള കണക്റ്റിവിറ്റിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും.
എയർബസ് A321LR, A321XLR എന്നീ അത്യാധുനിക വിമാനങ്ങൾ ഉപയോഗിക്കുന്നതിലൂടെ കൂടുതൽ ലാഭകരമായ വളർച്ചയാണ് എയർലൈൻ പ്രതീക്ഷിക്കുന്നത്. ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ബഹ്റൈൻ വഴി കുറഞ്ഞ നിരക്കിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ ഈ പുതിയ സർവീസ് മികച്ച അവസരമൊരുക്കും.
sdsf


