പൗരന്മാരെ പിരിച്ചുവിടുന്നു; ഇന്ത്യൻ ഐ.ടി കമ്പനികൾക്കെതിരെ യു.എസ് അന്വേഷണം

ഷീബ വിജയൻ
വാഷിങ്ടൺ I ഇന്ത്യയിലെ രണ്ട് മുൻനിര ഐ.ടി കമ്പനികൾക്കെതിരെ അന്വേഷണം ആരംഭിച്ച് യു.എസ് സർക്കാർ. യു.എസ് പൗരന്മാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച് ടാറ്റ കൺസൾട്ടൻസി സർവിസസ് (ടി.സി.എസ്), കൊഗ്നിസന്റ് തുടങ്ങിയ കമ്പനികളെ ചോദ്യം ചെയ്യും. യു.എസ് സെനറ്റിലെ നീതിന്യായ സമിതിയുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യൽ. ഇന്ത്യൻ ഐ.ടി ജീവനക്കാർക്ക് യു.എസിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന എച്ച്‍വൺബി വിസയുടെ ഫീസ് പ്രസിഡന്റ് ഡോണൾ ട്രംപ് കുത്തനെ ഉയർത്തിയതിന് പിന്നാലെയാണ് അന്വേഷണ നടപടി.
ചോദ്യം ചെയ്യുമെന്ന് അറിയിച്ച് ആപ്പിൾ, മെറ്റ, മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ തുടങ്ങിയ പത്ത് കമ്പനികൾക്കാണ് സെനറ്റ് സമിതി നോട്ടിസ് നൽകിയത്. സമിതി ചെയർമാൻ റിച്ചാർഡ് ജെ. ഡർബിൻ, സെനറ്റർ ചാൾസ് ഗ്രേസ്‍ലി തുടങ്ങിയവരാണ് അന്വേഷണം നടത്തുന്നത്. അമേരിക്കൻ പൗരന്മാർക്ക് പകരം വിദേശികളായ പ്രൊഫഷനലുകളെ എച്ച്‍വൺബി വിസയിൽ നിയമിച്ചത് സംബന്ധിച്ചാണ് സമിതി വിശദീകരണം തേടിയത്. ഒമ്പത് ചോദ്യങ്ങൾക്ക് ഒക്ടോബർ പത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം.
നിരവധി അമേരിക്കൻ പ്രൊഫഷനലുകളെ പിരിച്ചുവിട്ട് ടി.സി.എസ് വിദേശികളെ നിയമിക്കുകയാണെന്ന് സി.ഇ.ഒ കെ. കൃതിവാസന് അയച്ച ഇ-മെയിൽ നോട്ടിസിൽ സമിതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം മാത്രം അഞ്ച് ഡസൻ ജീവനക്കാരെയാണ് ജാക്സൺവില്ല ഓഫിസിൽനിന്ന് പുറത്താക്കിയത്. അമേരിക്കൻ പൗരന്മാർ ഉൾപ്പെടെ 12,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും സമിതി വ്യക്തമാക്കി.
SXXZSAAS