യു.എസ് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിന്റെ വക്കിലെന്ന് സാമ്പത്തിക വിദഗ്ധൻ

ഷീബ വിജയൻ
വാഷിങ്ടൺ I 2008ലേതിനു സമാനമായ മറ്റൊരു മാന്ദ്യ മുന്നറിയിപ്പുമായി യു.എസ് സാമ്പത്തിക വിദഗ്ധൻ. ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ‘മൂഡീസി’ലെ ചീഫ് ഇക്കണോമിസ്റ്റായ മാർക്ക് സാൻഡിയാണ് ഇക്കാര്യം പ്രവചിച്ചത്. 2008ലെ സാമ്പത്തിക പ്രതിസന്ധി പ്രവചിച്ച ആദ്യ വ്യക്തികളിൽ ഒരാളാണ് സാൻഡി. നിരവധി യു.എസ് സംസ്ഥാനങ്ങൾ മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് ‘മൂഡീസ്’ മുന്നറിയിപ്പ് നൽകുന്നു. ദേശീയ തലത്തിലുള്ള വിവിധ ഡാറ്റയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, യു.എസ് ജി.ഡി.പിയുടെ മൂന്നിലൊന്ന് വരുന്ന സംസ്ഥാനങ്ങൾ മാന്ദ്യത്തിന്റെ ഉയർന്ന അപകടസാധ്യതലാണ്. എന്നാൽ, മൂന്നിലൊന്ന് സംസ്ഥാനങ്ങൾ സ്ഥിരത പുലർത്തുന്നു. ശേഷിക്കുന്ന മൂന്നിലൊന്ന് വളർച്ചയിലുമാണ് - സാൻഡി സമൂഹ മാധ്യമ പ്ലാറ്റ്ഫോമിൽ എഴുതി.
തൊഴിൽ വളർച്ച മന്ദഗതിയിലാകുന്നതും പണപ്പെരുപ്പം ഉയരുന്നതും ട്രംപിന്റെ താരിഫുകൾ വ്യാപാരത്തെ സമ്മർദത്തിലാക്കുന്നതും മൂലം രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് ‘മൂഡീസും’ മുന്നറിയിപ്പ് നൽകുന്നു. സാമ്പത്തിക സമ്മർദം സാധാരണ അമേരിക്കക്കാരെ പ്രധാനമായും രണ്ടു തരത്തിൽ നേരിട്ട് ബാധിക്കുമെന്ന് കരുതുന്നു. ഉയർന്ന വിലയും തൊഴിൽ അസ്ഥിരതയുമായിരിക്കും അവ. വർധിച്ചുവരുന്ന ചെലവുകൾ ഉടൻ തന്നെ അവഗണിക്കാനാവാത്തതാവുമെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ സാൻഡി അഭിപ്രായപ്പെട്ടിരുന്നു. പ്രത്യേകിച്ച് അവശ്യവസ്തുക്കൾക്ക്. വിലകൾ ഇതിനകം ഉയരുകയാണ്. നിങ്ങൾക്ക് അത് കണക്കുകളിൽ കാണാൻ കഴിയും. ആളുകൾക്ക് അവഗണിക്കാൻ കഴിയാത്ത ഒരു പരിധി വരെ അവ ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
ADSDSADS