ബാഴ്സയിൽ മെസ്സിയുടെ പത്താം നമ്പർ ജഴ്സിക്ക് പുതിയ അവകാശി

ഷീബ വിജയൻ
ബാഴ്സലോണ I ബാഴ്സലോണയിൽ അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സി അണിഞ്ഞിരുന്ന പത്താം നമ്പർ ജഴ്സിക്ക് പുതിയ അവകാശി! ഐക്കോണിക്കായ പത്താം നമ്പർ ജഴ്സി യുവതാരം ലാമിൻ യമാലിന് ക്ലബ് ഔദ്യോഗികമായി നൽകി. ലോക ഫുട്ബാളിലെ ഏറ്റവും മൂല്യമേറിയ താരമായ യമാൽ, ഇനി ക്ലബിനൊപ്പം മെസ്സി അവിസ്മരണീയമാക്കിയ പത്താം നമ്പർ ജഴ്സി ധരിച്ചാകും കളിക്കാനിറങ്ങുക. സ്പാനിഷ് ക്ലബുമായി അടുത്തിടെ താരം കരാർ പുതുക്കിയിരുന്നു. കറ്റാലൻ ക്ലബുമായി ആറു വർഷത്തേക്കാണ് പുതിയ കരാറിലെത്തിയത്. 2031 വരെ യമാൽ ബാഴ്സയിൽ തുടരും. കരാറിൽ ഒപ്പിടുന്ന വേളയിൽ തന്നെയാണ് താരത്തിന് പത്താം നമ്പർ ജഴ്സിയും ക്ലബ് ഔദ്യോഗികമായി നൽകിയത്. ഇതിന്‍റെ വിഡിയോയാണ് ഇപ്പോൾ ബാഴ്സ പുറത്തുവിട്ടത്. മുത്തശ്ശിയെ സാക്ഷിയാക്കിയാണ് യമാൽ ക്ലബുമായി പുതിയ കരാറിലെത്തിയത്. ഞായറാഴ്ച യമാലിന് 18 വയസ്സ് തികഞ്ഞതിനു പിന്നാലെയാണ് ഇതിന്‍റെ വിഡിയോകൾ പുറത്തുവിട്ടത്.
SVVSS